തനിക്കെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണം നിന്ദ്യമാണെന്ന് സംവിധായകന്‍. താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതു മുതല്‍ ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തില്‍ പുറത്തു വന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ തനിക്കേറ്റ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല. ആരോപണം നുണയായിരുന്നെന്ന് തനിക്ക് പൊതുസമൂഹത്തെ ബോധിപ്പിച്ചേ പറ്റൂ. അതിനായി നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണെന്ന് രഞ്ജിത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ വലതുപക്ഷ നിലപാടുകളുള്ളവരും അവര്‍ക്കു മുന്നില്‍ പോര്‍മുഖത്തെന്ന പോലെ നില്‍ക്കുന്ന മാധ്യമങ്ങളും സംഘടിതമായി സര്‍ക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളില്‍ ഒന്ന് തന്റെ പേരിലുള്ളതാകുന്നത് അപമാനകരമാണ്. സത്യമെന്തെന്ന് അറിയാതെ ഇവിടുത്തെ മാധ്യമലോകവും ചിലരും നടത്തുന്ന ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്ന വ്യക്തി കാരണം സര്‍ക്കാരിന് കളങ്കമേല്‍ക്കുന്ന പശ്ചാത്തലമുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഔദ്യോഗിക സ്ഥാനത്ത് തുടരുകയെന്നത് ശരിയല്ല എന്ന് തനിക്ക് തോന്നുന്നു. നിയമനടപടികള്‍ തുടരും, സത്യം ഒരുനാള്‍ പുറത്തുവരും. വിധിപുറത്തു വരുന്നതുവരെ കാത്തിരിക്കാനല്ല ഉദ്ദേശ്യം. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നുകൊണ്ടല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് തന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിക്കുന്നുവെന്ന് രഞ്ജിത്ത് വ്യക്തമാക്കി.
രഞ്ജിത്തിന്റെ വാക്കുകള്‍
എനിക്കെതിരെ, എന്നുവെച്ചാല്‍ വ്യക്തിപരമായി എന്നെ നിന്ദ്യമായ രീതിയില്‍ നിന്ദ്യമായ രീതിയില്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബംഗാളി നടി ശ്രീലേഖ മിത്ര. ഇത് കുറച്ചു കാലമായി, കുറച്ചു കാലം എന്നുവെച്ചാല്‍ എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഞാന്‍ ഏറ്റെടുത്തോ അന്നു തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തില്‍ പുറത്തേക്ക് വന്നത്. ഞാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ്. അത് എളുപ്പം മാറുന്നതല്ല. എനിക്കത് തെളിയിച്ചേ പറ്റൂ, അത് പൊതുസമൂഹത്തെ ബോധിപ്പിച്ചേ പറ്റൂ, അത് നുണയായിരുന്നെന്ന്. അതിലെ ഒരു ഭാഗം നുണയായിരുന്നെന്ന്. അത് അവര്‍ തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയത്. നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു. സത്യം ലോകം അറിഞ്ഞേ പറ്റൂ. സുഹൃത്തുക്കളും അഭിഭാഷകരുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടുണ്ട്
സര്‍ക്കാരിനെതിരെ, സിപിഎമ്മിനെതിരെ വലതുപക്ഷ നിലപാടുകളുള്ളവരും അവര്‍ക്കു മുന്നില്‍ പോര്‍മുഖത്തെന്ന പോലെ നില്‍ക്കുന്ന മാധ്യമങ്ങളും സംഘടിതമായി നിന്ന് സര്‍ക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളില്‍ ഈ ചെളിവാരി എറിയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് എന്റെ പേര് ഉപയോഗിച്ചിട്ടുള്ളതാണെന്നത് ഏറെ അപമാനകരമാണ്. സത്യമെന്തെന്ന് അറിയാതെ ഇവിടുത്തെ മാധ്യമലോകവും ചിലരും നടത്തുന്ന ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്ന വ്യക്തി കാരണം സര്‍ക്കാരിന് കളങ്കമേല്‍ക്കുന്ന പശ്ചാത്തലമുണ്ടാവില്ല. അല്ലെങ്കില്‍ അങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഔദ്യോഗിക സ്ഥാനത്ത് തുടരുകയെന്നത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു. നിയമനടപടികള്‍ തുടരും സത്യം ഒരുനാള്‍ പുറത്തുവരും. അത് അത്ര വിദൂരമല്ല എന്നറിയാം. വിധിപുറത്തു വരുന്നതുവരെ കാത്തിരിക്കാനല്ല ഉദ്ദേശ്യം. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നുകൊണ്ടല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിക്കുന്നു. രാജി സ്വീകരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനോടും മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരോട് ഒരു വാക്ക് പറയാനുണ്ട്. എന്റെ വീട് എന്റെ സ്വകാര്യതയാണ്. ഈ വീട്ടുമുറ്റത്തേക്ക് എന്റെ അനുവാദമില്ലാതെയാണ് നിങ്ങളുടെ ഒരു വലിയ സംഘം ഇന്നലെ ഇരച്ചുകയറി വന്നത്. ഇന്നും ഇത് ആവര്‍ത്തിക്കാനായി വീടിനുപുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. ദയവ് ചെയ്ത് ഒരു കാര്യം മനസിലാക്കുക. എനിക്ക് ഒരു ക്യാമറയേയും അഭുമുഖികരിക്കേണ്ട കാര്യമില്ല. ഞാന്‍ ഈ അയയ്ക്കുന്ന ശബ്ദസന്ദേശത്തില്‍ കാര്യങ്ങള്‍ വ്യക്തമാണ്.