'രണ്ട്' വെള്ളിയാഴ്ച്ച തിയേറ്ററിലേക്ക്; 2022ലെ ആദ്യ മലയാള ചിത്രം

'രണ്ട്' വെള്ളിയാഴ്ച്ച തിയേറ്ററിലേക്ക്; 2022ലെ ആദ്യ മലയാള ചിത്രം
Published on

മലയാള സിനിമയില്‍ 2022ലെ ആദ്യ റിലീസാവാന്‍ ഒരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'രണ്ട്'. ജനുവരി 7 വെള്ളിയാഴ്ച്ചയാണ് ചിത്രം തിയേറ്ററിലെത്തുക. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സുജിത്ത് ലാല്‍ സംവിധാനം ചെയ്ത ചിത്രം ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ കൂടിയാണ്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അതേസമയം, രണ്ട് മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്ന ചിത്രമാണെന്ന് സംവിധായകന്‍ സുജിത്ത് ലാല്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമാണ്. അത് ശരിയായ രാഷ്ട്രീയമല്ല. അങ്ങനെയാണ് മതങ്ങളെ എന്തുകൊണ്ട് കളിയാക്കിക്കൂടാ എന്ന് ചിന്തിക്കുന്നതെന്നും സുജിത്ത് ലാല്‍.

വര്‍ത്തമാന സമൂഹത്തില്‍ ബന്ധങ്ങളെയും വ്യവസ്ഥിതിയെയുമെല്ലാം മതം ഭരിക്കുകയാണെന്നും, ആ അസ്വസ്ഥതയില്‍ നിന്നാണ് രണ്ട് എന്ന സിനിമയുടെ പിറവിയെന്ന് തിരക്കഥാകൃത്തായ ബിനു ലാല്‍ ഉണ്ണിയും വ്യക്തമാക്കിയിരുന്നു.

'മതം നമ്മുടെ എല്ലാവരുടെയും ബന്ധങ്ങളെയും നിയമങ്ങളെയെല്ലാം ഭരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കിയ കാര്യമായിരുന്നു. സ്വാഭാവികമായും മതസംബന്ധിയായ പ്രശ്നങ്ങളെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് നവീകരണം ഉണ്ടാവുന്നത്. മതത്തെയും അത്തരത്തില്‍ വിമര്‍ശനാത്മകമായി സമീപിക്കാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ മതത്തിനോട് പൊതുവെയുള്ള തീക്ഷ്ണമായ പ്രതിബദ്ധതയും സ്നേഹവും കുറയുമെന്നാണ് എന്റെ വിശ്വാസം.' എന്നാണ് ബിനു ലാല്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in