'സിനിമാ മേഖലയിലെ ആളുകൾ വരെ എന്നോട് പറഞ്ഞു നിങ്ങൾ അനിമൽ ചെയ്തതിലൂടെ ഞങ്ങളെ വളരെ നിരാശപ്പെടുത്തി എന്ന്'; രൺബീർ കപൂർ

'സിനിമാ മേഖലയിലെ ആളുകൾ വരെ എന്നോട് പറഞ്ഞു നിങ്ങൾ അനിമൽ ചെയ്തതിലൂടെ ഞങ്ങളെ വളരെ നിരാശപ്പെടുത്തി എന്ന്'; രൺബീർ കപൂർ
Published on

അനിമൽ എന്ന ചിത്രം ഒരേ നിലയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന തന്റെ കരിയറിനെ മാറ്റാനും തനിക്ക് ആത്മവിശ്വാസം നൽകാനും സഹായിച്ചിരുന്നുവെന്ന് നടൻ രൺബീർ കപൂർ. സിനിമ ഇൻഡസ്ട്രിയിലടക്കമുള്ള ഒരുപാട് പേർ തന്നോട് ഈ സിനിമ ചെയ്യരുതായിരുന്നുവെന്നും ഈ സിനിമ ചെയ്തതിലൂടെ നിങ്ങൾ ‍ഞങ്ങളെ നിരാശപ്പെടുത്തി എന്ന് പറയുകയും ചെയ്തതായി രൺബീർ കപൂർ പറയുന്നു. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനും ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്‌ഡി വാങ്കക്കും എതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ജാവേദ് അക്തർ ഉൾപ്പടെയുള്ളവർ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് രം​ഗത്ത് വന്നിരുന്നു. സംരംഭകനായ നിഖിൽ കാമത്തുമായുള്ള രൺബീർ കപൂറിന്റെ പുതിയ അഭിമുഖത്തിൽ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും തന്റെ കരിയറിൽ അനിമൽ ചിത്രമുണ്ടാക്കിയ പ്രാധാന്യത്തെക്കുറിച്ചും രൺബീർ കപൂർ സംസാരിച്ചു.

രൺബീർ കപൂർ പറഞ്ഞത്:

അനിമൽ എന്ന ചിത്രം വലിയ വിജയും നേടിയ ചിത്രമാണ്. പക്ഷേ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ആ സിനിമയ്ക്ക് വേണ്ടി എന്നെ അവർ സമീപിച്ചപ്പോഴും ആദ്യമായി അനിമലിന്റെ കഥ കേട്ടപ്പോഴും എനിക്ക് പേടി തോന്നിയിരുന്നു. കാരണം ഞാൻ എന്റെ കരിയറിൽ വളരെ നല്ല സിനിമകളും അതിലൂടെ നല്ല സാമൂഹിക സന്ദേശങ്ങളും ഒക്കെ കൊടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ഒരു സമയമായിരുന്നു അത്. പക്ഷേ ഇത് വളരെ ധീരമായ ഒരു കഥാപാത്രം ആണെന്ന് എനിക്ക് തോന്നി. എനിക്ക് നല്ല പേടി തോന്നിയിരുന്നു ആളുകൾ എന്നെ ഇത്തരം ഒരു കഥപാത്രമായി അം​ഗീകരിക്കില്ല എന്ന്. ഞാൻ നിങ്ങളോട് പറയട്ടെ ആ സിനിമ റിലീസ് ആയതിന് ശേഷം അത് വലിയ വിജയം കരസ്ഥമാക്കി. ആ സിനിമയിലൂടെ ഞങ്ങൾക്ക് ഒരുപാട് സ്നേഹം ലഭിച്ചു. അവിടെയും വലിയൊരു ശതമാനം പ്രേക്ഷകർ ആ സിനിമ സ്ത്രീവിരുദ്ധമാണെന്നും തെറ്റാണ് എന്നും കണ്ടെത്തി. ഞങ്ങളുടെ ഉദ്ദേശം നല്ലതായിരുന്നു. പക്ഷേ ആളുകൾ അതിനെ തെറ്റായി വ്യഖ്യാനിച്ചു. അനിമൽ ഒരു സ്ത്രീവിരുദ്ധ സിനിമയാണ് എന്ന് പറയാൻ സോഷ്യൽ മീഡിയയും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

എന്താണ് സംഭവിക്കുന്നത് എന്ന് വച്ചാൽ ഞങ്ങൾ ആ സിനിമയ്ക്ക് വേണ്ടി എടുത്തിരിക്കുന്ന കഠിനാദ്ധ്വാനം ആരും ശ്രദ്ധിച്ചില്ല. ഈ സംവിധായകന്റെ കബീർ സിങ്ങ് എന്ന ചിത്രത്തിനും ഇതേ പ്രശ്നം നേരിട്ടിരുന്നു. ഇതിന് പിന്നിൽ ഒരുപാട് കഠിനാദ്ധ്വാനങ്ങളും നല്ല ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഈ സിനിമയ്ക്ക് ഇത്തരം ഒരു ടാ​ഗ് കിട്ടിയത് കാരണം അത് ആ സിനിമയ്ക്കൊപ്പം നിലനിന്നു. പക്ഷേ സാധാരണ ജനങ്ങൾ അനിമൽ എന്ന ചിത്രത്തെക്കുറിച്ച് വളരെ സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. ഞാൻ കണ്ടു മുട്ടിയ ഒരുപാട് ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ ഈ സിനിമ ചെയ്യാൻ പാടില്ലായിരുന്നു. നിങ്ങൾ ഞങ്ങളെ വളരെ നിരാശപ്പെടുത്തി എന്ന്. സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരുപാട് പേർ ഇതേ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അവരോട് നിശബ്ദമായി ക്ഷമ ചോദിക്കുകയും ഇനി അങ്ങനെ ചെയ്യില്ല എന്ന് പറയുകയും ചെയ്യും. ഒരു പക്ഷേ ഞാൻ അവരോട് യോജിക്കുന്നുണ്ടാവില്ല. ആരുമായും ഒരു വാദപ്രതിവാദത്തിന് ആ​ഗ്രഹിക്കുന്ന ഒരു ഘട്ടത്തിലൂടെയല്ല ഞാൻ ഇപ്പോൾ കടന്നു പോകുന്നത്. അവർക്ക് എന്റെ വർക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഞാൻ അവരോട് ക്ഷമ പറയുകയും അടുത്ത തവണ കൂടുതൽ നല്ല പോലെ ശ്രമിക്കാം എന്ന് വാ​ഗ്ദാനം നൽകുകയും ചെയ്യും.

ഞാൻ എന്റെ കരിയറിന്റെ ഒരു പൂർണ്ണമായ അവസ്ഥയിൽ നിൽക്കുകയായിരുന്നു. അടുത്ത സൂപ്പർസ്റ്റാർ' എന്നാണ് എന്നെ വളരെക്കാലമായി ആളുകൾ വിളിച്ചിരുന്നത് പക്ഷേ ഞാൻ എന്നെ ഒരു സൂപ്പർ സ്റ്റാർ ആണെന്ന് പറയില്ല, കാരണം നിങ്ങൾക്ക് തുടർച്ചയായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഇല്ലെങ്കിൽ നിങ്ങളെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ കഴിയില്ല. പക്ഷേ അനിമൽ എന്ന ചിത്രം എന്താണ് ചെയ്തത് എന്നാൽ എന്റെ കരിയറിനെ മറ്റൊരു പടിയിലേക്ക് കയറ്റാൻ ശരിയായ സമയത്ത് സംഭവിച്ച ശരിയായ ഒരു ചിത്രമായിരുന്നു അത്. കാരണം അതുവരെ ഞാൻ ഒരേ നിലയിലാണ് പൊയ്ക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം എന്റെ ആത്മവിശ്വാസത്തിനും ഒരു ആൺകുട്ടി എന്നതിൽ നിന്ന് ഒരു പുരുഷൻ എന്ന തരത്തിലേക്കുള്ള എന്റെ മാറ്റത്തിനും വളരെ പ്രധാനപ്പെട്ടതായിരുന്നു. രൺബീർ കപൂർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in