ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' സിനിമയിൽ രാം ചരൺ അവതരിപ്പിക്കുന്ന അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാം ചരണിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. നടൻ രാം ചരൺ വില്ല് കുലക്കുന്നതിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. 'അവൻ ധൈര്യത്തിന്റെ ചിഹ്നമാണ്. അദ്ദേഹം ബഹുമാനത്തെ നിർവചിക്കുന്നു. അവൻ ആർജ്ജവത്തോടെ നിൽക്കുന്നു', എന്ന തലക്കെട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നൽകിയിരിക്കുന്നത്.
സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രം നേരത്തെ സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരുന്നു. രാമരാജുവിന് വേണ്ടി നിശ്ചയദാർഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും എന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയ ഭട്ടിന്റെ ചിത്രം രാജമൗലി പങ്കുവെച്ചത്.
രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആർആർആർ'. രാജമലി തന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2021 ഒക്ടോബർ 13 ന് തീയുടേയും ജലത്തിന്റെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് പ്രഖ്യാപനം. ഒപ്പം ജൂനിയർ എൻ.ടി.ആറും രാം ചരണും ഒന്നിച്ചുളള പുതിയ പോസ്റ്ററുമുണ്ട്.
450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. ചിത്രത്തിൽ ബോളിവുഡ് താരമായ അജയ് ദേവ്ഗണും പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് നിർമ്മാണം. എം.എം.കീരവാണി സംഗീതം. എം.എം.കീരവാണി സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. പത്ത് ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.