മലയാളത്തിൽ ഒരു രജനീകാന്ത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിതരണാവകാശ തുക നൽകി ജയിലർ കേരള റിലീസ് അവകാശം ഗോകുലം മുവീസ് സ്വന്തമാക്കി. രജനീകാന്തിനൊപ്പം മോഹൻലാൽ അതിഥി താരമായെത്തുന്ന ജയിലർ ഓഗസ്റ്റ് 19നാണ് റിലീസ്. നെൽസൺ ദിലീപ് കുമാറാണ് ജയിലർ സംവിധാനം ചെയ്തിരിക്കുന്നത്. പൊന്നിയിൻ സെൽവൻ ഒന്ന്, രണ്ട് ഭാഗങ്ങൾക്ക് പിന്നാലെ വിജയ് ചിത്രം ലിയോ ഗോകുലം കേരളാ വിതരണാവകാശം നേടിയിരുന്നു. എട്ട് കോടിക്ക് മുകളിലാണ് ജയിലർ കേരളാ വിതരണാവകാശ തുകയെന്ന് ചില ബോക്സ് ഓഫീസ് ട്രാക്കിംഗ് ട്വിറ്റർ ഹാൻഡിലുകൾ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
രജനീകാന്തിന്റെ 2023ലെ പ്രധാന റിലീസായ തമിഴ് ചിത്രം ജയിലർ ചിത്രീകരണം പൂർത്തിയായി. വിജയ് ചിത്രം ബീസ്റ്റ്ന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയുടെ അവസാന ഘട്ട ചിത്രീകരണം ചെന്നൈയിലായിരുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ റോളിലാണ് രജനീകാന്ത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ, കന്നഡ സൂപ്പർതാരം ശിവ് രാജ്കുമാർ, ബോളിവുഡ് താരം ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിൽ പ്രധാന റോളുകളിലുണ്ട്.
ജയിൽ പശ്ചാത്തലത്തിലുള്ള ഹെവി ആക്ഷൻ സീക്വൻസുകളാണ് ജയിലറിനായി അടുത്തിടെ ചിത്രീകരിച്ചതെന്ന് വാർത്തകൾ വന്നിരുന്നു. ലിജോ പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ഷെഡ്യൂൾ ബ്രേക്കിലാണ് മോഹൻലാൽ ജയിലർ അവസാന ഘട്ട ചിത്രീകരണത്തിനെത്തിയത്. വിജയ് ചിത്രം ബീസ്റ്റ്ന് നെഗറ്റീവ് പ്രതികരണങ്ങൾ നേടിയത് സംവിധായകൻ എന്ന നിലയിൽ നെൽസൺ ദിലീപ് കുമാറിന്റെ വിപണി മൂല്യത്തെയും സാരമായി ബാധിച്ചിരുന്നു. രജനീകാന്ത് നെൽസൺ ചിത്രത്തിൽ ജോയിൻ ചെയ്യുന്നതിന് മുന്നോടിയായി ട്വിറ്ററിലടക്കം നിരവധി ട്രോളുകളുമുണ്ടായി.
ചെന്നൈ, ഹൈദരാബാദ്, ആതിരപ്പിള്ളി, ഗൂഡല്ലൂർ എന്നീ ലൊക്കേഷനുകളിലായാണ് ജയിലർ പൂർത്തിയായത്.