മോഹൻലാൽ മഹാനടനെന്ന് രജനികാന്ത്; ജയിലറിൽ അഭിനയിക്കാൻ കാരണം രജനിയോടുള്ള ഇഷ്ടമെന്ന് നെൽസൺ

മോഹൻലാൽ മഹാനടനെന്ന് രജനികാന്ത്; ജയിലറിൽ അഭിനയിക്കാൻ കാരണം രജനിയോടുള്ള ഇഷ്ടമെന്ന് നെൽസൺ
Published on

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. രജനിക്കൊപ്പം മോഹൻലാൽ കൂടെ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അദ്ദേഹത്തെ പ്രശംസിച്ച് രജനികാന്ത്. 'എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ, അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി' എന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞത്. രജനികാന്തും മോഹൻലാലും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ജയിലർ.

മോഹന്‍ലാല്‍ സാര്‍ എന്നെ നേരിട്ട് വിളിച്ചാണ് ജയിലറില്‍ അഭിനയിക്കാം എന്ന് പറഞ്ഞത് അത് രജനീ സാറിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് സംവിധായകന്‍ നെല്‍സണ്‍ പറയുന്നു. 'മോഹന്‍ലാല്‍ സാറിനോട് സംസാരിക്കണം എന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹം തന്നെ എന്നെ വിളിച്ചു. അദ്ദേഹം ചോദിച്ചത് എപ്പോൾ ഷൂട്ടിം​ഗിന് വരണം എന്നാണ്. എനിക്ക് മനസ്സിലായ ഒരു കാര്യം എന്തെന്നാൽ എന്റെ കഥ കാരണമല്ല അദ്ദേഹം വന്നത് പകരം രജനി സാറിനോടുള്ള ഇഷ്ടം കൊണ്ടാണ് എന്നാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ഈ ചാന്‍സ് എടുത്ത് അദ്ദേഹത്തെ ദുരപയോഗം ചെയ്യരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ടതെന്തോ അത് കൃത്യമായി സിനിമയില്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.'' എന്ന് നെല്‍സണ്‍ ദിലീപ് കുമാര്‍ പറഞ്ഞു.

ലിജോ ജോസ് പെല്ലിശേരി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ഷെഡ്യൂൾ ബ്രേക്കിലാണ് മോഹൻലാൽ 'ജയിലർ' അവസാന ഘട്ട ചിത്രീകരണത്തിനെത്തിയത്. രജനികാന്തിന്റെ 169-ാമത് ചിത്രമാണ് 'ജയിലർ'. മുത്തുവേൽ പാണ്ട്യനെന്ന കഥാപാത്രമായാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. വിജയ് നായകനായെത്തിയ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ജയിലർ'. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ ഗാനങ്ങളും ഓഡിയോ ലോഞ്ചിൽ പുറത്തുവിട്ടു.

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, മോഹൻലാൽ, വിനായകൻ, ശിവരാജ്‌ കുമാർ, ജാക്കി ഷ്‌റോഫ്, സുനിൽ, തമന്ന, വി ടി വി ഗണേഷ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിലെ ജയിലറിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ചിത്രം ആഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in