രാജേഷ് ടച്ച്റിവർ സംവിധാനം ചെയ്യുന്ന 'സയനെെഡി'ൽ സിദ്ധിഖ് പ്രധാന വേഷത്തിൽ. ചിത്രത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്സറായി പ്രിയാമണി എത്തും. സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയുടെ യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുളളതാണ് ചിത്രം. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹൻ. കേസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ തിരക്കഥ ആണെങ്കിലും ചിത്രത്തിൽ കഥപറയുന്ന രീതി തികച്ചും വ്യത്യസ്തമാണെന്ന് സംവിധായകൻ രാജേഷ് പറയുന്നു.
ആറ് ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിൽ പ്രിയാമണി പ്രധാനകഥാപാത്രമാകുമ്പോൾ ഹിന്ദിയിൽ ആ വേഷം ചെയ്യുന്നത് ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ്. മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, കന്നട താരം രംഗായനരഘു, രാംഗോപാൽ ബജാജ്, ഷിജു, ശ്രീമാൻ, സമീർ, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മിഡിലീസ്റ്റ് സിനിമ, പ്രൈംഷോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ പ്രദീപ് നാരായണൻ, കെ നിരഞ്ജൻ റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബോളിവുഡ് സംഗീതസംവിധായകൻ ജോർജ് ജോസഫിനൊപ്പം സൗണ്ട് ഡിസൈനർ അജിത് അബ്രഹാം, പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എൻ ജി റോഷൻ, എഡിറ്റർ ശശികുമാർ എന്നിവർ 'സയനൈഡി'നായി ഒന്നിക്കുന്നു. ഡോക്ടർ ഗോപാൽ ശങ്കറാണ് സംഗീത സംവിധാനം. തെലുങ്ക് പതിപ്പിലെ സംഭാഷണങ്ങൾ പുന്നം രവിയും, തമിഴിൽ രാജാചന്ദ്രശേഖറും, മലയാളത്തിൽ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്ന് എഴുതുന്നു. ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
Director Rajesh Touchriver announces making of multilingual film on ‘Cyanide’ Mohan starring sidhique and priyamani