വലിയ പെരുന്നാള്‍ മനോഹരം, ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുതെന്ന് രാജീവ് രവി
ഷെയിന്‍ നിഗം നായകനായ വലിയ പെരുന്നാളിനെ പ്രശംസിച്ച് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുതെന്ന് രാജീവ് രവി പറയുന്നു. നവാഗതനായ ഡിമല്‍ ഡെന്നീസ് ആണ് സംവിധാനം. ഡിമല്‍ ഡെന്നീസും തസ്രീക്കുമാണ് തിരക്കഥ. സുരേഷ് രാജനാണ് ക്യാമറ
വലിയ പെരുന്നാളിനെക്കുറിച്ച് രാജീവ് രവി
സിനിമയെന്ന കലാരൂപത്തെ വര്‍ണ്ണ/ജാതി - മത വേര്‍തിരിവുകള്‍ക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തില്‍ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും. അതിന്റെ അണിയറക്കാര്‍ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്‌കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും
ഷെയിന്‍ നിഗത്തിനെതിരായ സിനിമാ നിര്‍മ്മാതാക്കളുടെ വിലക്കിനും ഷെയിനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും തുടര്‍ച്ചയിലാണ് വലിയ പെരുന്നാള്‍ റിലീസ് ചെയ്തത്. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ എന്റര്‍ടെയിനറാണ് സിനിമ. ഹിമികാ ബോസ് ആണ് നായിക. പറവയ്ക്ക് പിന്നാലെ മട്ടാഞ്ചേരി പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ് ആണ് വലിയ പെരുന്നാള്‍ അവതരിപ്പിക്കുന്നത്. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ആണ് നിര്‍മ്മാണം.