‘വൈറസിന്റേത് മലയാളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സിനിമക്കും ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത ഉത്തരവാദിത്തം’

‘വൈറസിന്റേത് മലയാളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സിനിമക്കും ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത ഉത്തരവാദിത്തം’

Published on
Summary

ഒരു മഹാമാരിയെ നമ്മള്‍ ഒറ്റക്കെട്ടായി പൊരുതി തോല്‍പ്പിച്ചതാവില്ല ഇപ്പോള്‍ ഞാനടക്കമാരും സ്‌ക്രീനില്‍ കാണുക. മറിച്ച് മുറ്റത്ത് വീണ്ടും എത്തിനോക്കുന്ന ആ വിപത്തിനെ ചെറുക്കുന്നതെങ്ങനെ എന്നാവും ഓരോരുത്തരും ചിന്തിക്കുകയെന്ന് തോന്നുന്നു

ആഷിക് അബു ചിത്രം വൈറസ് നിര്‍വഹിക്കുന്നത് മലയാളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സിനിമക്കും ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത ഉത്തരവാദിത്തമെന്ന് മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍. നിപയുടെ രണ്ടാം വരവില്‍ ഭയപ്പെടുത്തുന്ന ചിത്രമാവില്ല, ധൈര്യപ്പെടുത്തുന്ന സിനിമയായിരിക്കും വൈറസ് എന്നും രാജീവ് രാമചന്ദ്രന്‍ സിനിമയെ വിശകലനം ചെയ്‌തെഴുതിയ കുറിപ്പില്‍ വിശദീകരിക്കുന്നു.

രാജീവ് രാമചന്ദ്രന്‍ എഴുതുന്നു

വൈറസ്' ഇന്ന് ജനങ്ങള്‍ക്കുമുന്നിലെത്തുകയാണ്. ഒരാഴ്ച മുമ്പ് വരെ ഉണ്ടായിരുന്ന പ്രതീക്ഷയേ ആവില്ല ഇപ്പോള്‍ ആര്‍ക്കും ഈ സിനിമയെ കുറിച്ചുള്ളത്. നിപയുടെ രണ്ടാം വരവ് കേരളത്തിന്റെയാകെ മനോനിലയില്‍ ചെറുതല്ലാത്ത മാറ്റമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു മഹാമാരിയെ നമ്മള്‍ ഒറ്റക്കെട്ടായി പൊരുതി തോല്‍പ്പിച്ചതാവില്ല ഇപ്പോള്‍ ഞാനടക്കമാരും സ്‌ക്രീനില്‍ കാണുക. മറിച്ച് മുറ്റത്ത് വീണ്ടും എത്തിനോക്കുന്ന ആ വിപത്തിനെ ചെറുക്കുന്നതെങ്ങനെ എന്നാവും ഓരോരുത്തരും ചിന്തിക്കുകയെന്ന് തോന്നുന്നു. ചരിത്രത്തിന്റെ ഭാഗമായ ഒരു അതിജീവന പോരാട്ടം എന്നതില്‍ നിന്ന്, നാളേക്കു വേണ്ട പ്രതിരോധ പ്രവര്‍ത്തനമായി വളര്‍ന്നിരിക്കുകയാണ് ഈ സിനിമ. മലയാളത്തിന്റെ ചരിത്രത്തിലിന്നേ വരെ ഒരു സിനിമക്കും ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത ഉത്തരവാദിത്തമാണത്. ഒന്നുറപ്പിച്ചു പറയാം ഭയപ്പെടുത്തുന്ന സിനിമയാവില്ല, വൈറസ്- ധൈര്യപ്പെടുത്തുന്നതേ ആവൂ. അതിന് അങ്ങനെയാവാനേ കഴിയൂ.കാരണം, കഴിഞ്ഞ ഒരു വര്‍ഷമായി അതിജീവനം എന്ന വാക്കിന്റെ സ്ഥലരാശിയാണ് കേരളം.

****

വൈറസ് എഴുതിയവരിലൊരാളായ മുഹ് സിന്‍ സുഹൃത്താണ്, ഏറ്റവുമടുപ്പമുള്ളവരില്‍ പെടുന്ന സജിതയടക്കം നിരവധി സുഹൃത്തുക്കള്‍ ചിത്രത്തിന്റെ ഭാഗമാണ്. വളരെ ചെറിയ നിലയില്‍ ഞാനും സിനിമയുമായി സഹകരിച്ചിട്ടുണ്ട്. പോസ്റ്റ് -പ്രൊഡക്ഷനില്‍ ചിത്രം തെളിഞ്ഞു തെളിഞ്ഞു വരുന്നത് കാണവേ ചില കാര്യങ്ങള്‍ വല്ലാതെ മനസ്സില്‍ തൊടുന്നുണ്ടായിരുന്നു. സിനിമ ഒന്നാകെ നിറഞ്ഞു നില്‍ക്കുന്ന പോരാട്ട വീറിനും സഹാനുഭൂതിക്കും സമര്‍പ്പണത്തിനുമെല്ലാമപ്പുറം എന്നെ ഉത്സുകനാക്കിയത്, അത് പറയാതെ പറയുന്ന രാഷ്ട്രീയമാണ്. ഇന്‍ക്ലൂസിവിറ്റിയെ മലയാളത്തിലെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ചേര്‍ത്തുപിടിക്കലെന്ന് സൌന്ദര്യം ചോര്‍ത്തി പറയുന്നതിനാണ് ഏറ്റവും വികാരഭരിതമായ അര്‍ത്ഥം നല്‍കാനാവുന്നതെന്നാണ് തോന്നിയിട്ടുള്ളത്. എന്നാലതിനെ സിനിമയിലെങ്ങനെ പറയണമെന്ന് ആഷിഖിനും മുഹ് സിനും - സഹ എഴുത്തുകാരായ സുഹാസിനും ഷറഫുവിനും - നല്ലതു പോലെ അറിയാം.

മുഹ് സിന്‍ എഴുതിയ മുന്‍സിനിമകളിലെല്ലാം അവരുണ്ട്. കെ എല്‍ -10 ലെ പഞ്ചായത്തു മെംബറായ ഇത്താത്തയും സുഡാനിയുടെ ഉമ്മമാരും ആ ഒരു ജൈവിക പരമ്പരയിലുണ്ടായ കഥാപാത്രങ്ങളാണ്. ആഷിഖിന്റെ മായാനദിയില്‍ അതിന്റെ സമാന്തരങ്ങളെ ഞാന്‍ കാണുന്നുണ്ട്. ലിബറല്‍ -കണ്‍സര്‍വേറ്റീവ് ബൈനറിയില്‍ അവരെ കെട്ടിയിടാതെ അവരുടെ പാതകള്‍ പരസ്പരം മുറിച്ചുകടക്കുന്നത് ശ്രദ്ധിക്കാനാണ് എനിക്കിഷ്ടം.

ആ ക്രോസിംഗ് പോയിന്റുകളുടെ സാധ്യതകള്‍ അനന്തമാണ്. വൈറസിലും അവരുടെ തുടര്‍ കണ്ണികളുണ്ട്. മതകീയതയും മതനിരപേക്ഷതയും തമ്മിലുള്ള സംഘര്‍ഷമേഖലകളുണ്ട്. എന്നാല്‍ ജനങ്ങളുടെ ജീവിതവും വിശ്വാസവും കണ്ണീരുമെല്ലാം കണക്കിലെടുക്കുന്നതാണ് തന്റെ രാഷ്ട്രീയമെന്ന് ഉറപ്പിച്ചു പറയുന്ന നാട്ടുകാരനായ ഒരു മന്ത്രിയുണ്ട് ചിത്രത്തില്‍. താന്‍ അദ്യമായി വോട്ടു ചോദിച്ച വീട് മറന്നിട്ടില്ലാത്ത, അവരുടെ മത വിശ്വാസവും തനിക്ക് പ്രധാനമാണെന്ന് കരുതുന്ന ഒരു പാര്‍ട്ടിക്കാരന്‍. വൈറസില്‍ നിന്നുള്ള എന്റെ പൊളിറ്റിക്കല്‍ ടേക്ക്എവേ അയാളാണ്.( ഇന്നത്തെ കേരളത്തിന്റെ യാഥാര്‍ത്ഥ്യം അതാണോ എന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ).

ഇത് സംവിധായകനും എഴുത്തുകാരും അവരവരുടെ നിലപാടുകള്‍ മാറ്റിവച്ചു കൊണ്ടുണ്ടാക്കിയ സമവായ സിനിമയല്ല,വലിയൊരു പോരാട്ടഭൂമിയില്‍ വിരുദ്ധനിലപാടുകള്‍ക്കുള്ള സഹജീവനസാധ്യത ചര്‍ച്ച ചെയ്യുന്നതായി പോലും എനിക്കു തോന്നിയ മൂര്‍ച്ചയുള്ള സൃഷ്ടിയാണ്.

പുറത്തു വന്നവയില്‍ എന്നെ ഏറ്റവുമാകര്‍ഷിച്ച വൈറസിന്റെ പരസ്യചിത്രം ഇതാണ്. സംസ്ഥാന മന്ത്രിയുടെ മുന്നില്‍ മേശപ്പുറത്തിരുന്ന് അടിയന്തരവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജില്ലാ കലക്ടറുടെ പോസ്റ്ററിംഗ്. അധികാരം എന്ന പരികല്പനയെ അതിന്റെ ഘടനക്കത്തുനിന്ന് നിന്ന് ചെറുതായൊന്ന് മാറ്റിപ്പണിയുന്നതായ ഫീലിംഗ് എനിക്കു തരുന്നുണ്ട് ഈ ചിത്രം.

logo
The Cue
www.thecue.in