ഞങ്ങളുടെ തലമുറയിലെ സംവിധായകരെ കൊന്ന സിനിമയാണ് അത്, കുറച്ച് നേരം ചിരിച്ച് കഴിഞ്ഞാണ് മനസ്സിലായത് ഇത് നമ്മളെക്കുറിച്ചാണല്ലോ എന്ന്; രാജസേനൻ

ഞങ്ങളുടെ തലമുറയിലെ സംവിധായകരെ കൊന്ന സിനിമയാണ് അത്, കുറച്ച് നേരം ചിരിച്ച് കഴിഞ്ഞാണ് മനസ്സിലായത് ഇത് നമ്മളെക്കുറിച്ചാണല്ലോ എന്ന്; രാജസേനൻ
Published on

അടുത്ത കാലത്ത് താൻ കണ്ടതിൽ ഏറ്റവും മനോഹരമായ സിനിമയാണ് വർഷങ്ങൾക്ക് ശേഷം എന്ന് സംവിധായകൻ രാജസേനൻ. അതൊരു ന്യൂജെൻ സിനിമയാണ് എങ്കിൽ പോലും അതിൽ നിന്ന് ഒന്നും നമുക്ക് മിസ്സായതായി തോന്നുകയില്ലെന്നും പഴയ ശ്രീനിവാസൻ ചിത്രങ്ങളുടെ പുതിയ പതിപ്പ് പോലെയാണ് ആ സിനിമ തനിക്ക് അനുഭവപ്പെട്ടത് എന്നും രാജസേനൻ ആനീസ് കിച്ചനിൽ സംസാരിക്കവേ പറഞ്ഞു.

രാജസേനൻ പറഞ്ഞത്:

ഞാൻ ഈ അടുത്ത കാലത്ത് വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം എന്നൊരു ചിത്രം കണ്ടു. അത് ഒരു ന്യൂ ജെൻ സിനിമയാണെങ്കിൽ പോലും അതിനകത്ത് നമുക്ക് ഒന്നും മിസ്സായതായി തോന്നുകയില്ല. ശ്രീനിയേട്ടൻ പണ്ട് എഴുതിയിരുന്ന കഥയുടെ ഒരു പുതിയ പതിപ്പ് പോലെ നമുക്ക് അതിനെ തോന്നും. ഇത്രയും മനോഹരമായ ആറ്റിറ്റ്യൂഡ് ഉള്ള സിനിമ ഈ അടുത്ത കാലത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല. ഈ അടുത്ത് ഒരു മീറ്റിം​ഗിന് വന്നപ്പോൾ ഞാൻ ശ്രീനിയേട്ടന്റെ അടുത്ത് തന്നെ അത് പറഞ്ഞു. ഞാൻ ആ സിനിമയ്ക്ക് റിവ്യു എഴുതിയിട്ടുണ്ട്. ആ റിവ്യൂ അവരുടെ കയ്യിൽ കിട്ടി എന്നതും ഞാൻ അറിഞ്ഞിരുന്നു. ഏറ്റവും രസകരമായ കാര്യം ഞങ്ങളുടെ തലമുറയിലെ സംവിധായകരെ കൊന്നിരിക്കുന്ന സിനിമ കൂടിയാണ് അത്. ചില സ്വീക്വൻസുകളിൽ ഞാൻ ഇരുന്ന് ഭയങ്കരമായി ചിരിക്കുകയാണ്. ചിരിച്ച് കഴിഞ്ഞ് അടുത്ത സെക്കന്റിലാണ് ഞാൻ ആലോചിക്കുന്നത് അയ്യോ നമ്മളെ അല്ലേ ഈ കൊന്നിരിക്കുന്നത് എന്ന്. പക്ഷേ അടുത്ത നിമിഷം അതിന്റെ ന്യായീകരണവും ആ സിനിമ കൊടുക്കുന്നുണ്ട്. ഞാൻ തകർന്ന് പോയത് സിനിമയിൽ നിവിന്റെ ഒരു കഥാപാത്രമുണ്ടല്ലോ? അയാൾ പറയുന്നത് കേട്ടാണ്. അയാൾ ഏട്ട് പടങ്ങളോളം പൊട്ടിയിരിക്കുകയാണ്. അയാളോട് കഥ പറയാൻ വരുമ്പോൾ എനിക്ക് കഥയൊന്നും കേൾക്കേണ്ട ഞാൻ ഏഴ് പടം കഥ കേട്ടിട്ട് തന്നെ എല്ലാം പൊട്ടിയതാണ് എന്ന് പറയും. എന്നിട്ട് ചൂണിക്കാണിക്കുന്നവരെ നോക്കി എല്ലാവരും നരച്ച മുടിയൊക്കെ ആയിട്ട് ഇരിക്കുന്നത് കണ്ടിട്ട് ഇതെന്താ വൃദ്ധസദനമോ എന്ന് ചോദിക്കും. ഞാൻ ഏറ്റവും കൂടുതൽ ചിരച്ചത് അവിടെയാണ്. ആ വൃദ്ധസദനം എന്ന് കേട്ടിട്ട് ഞാൻ അഞ്ച് മിനിറ്റ് അവിടെ നിന്ന് ചിരിച്ചിരുന്നു. പിന്നെയാണ് ഞാൻ ആലോചിച്ചത് നമ്മളെക്കൂടി ചേർത്താണല്ലോ ഇത് പറഞ്ഞിരിക്കുന്നത് എന്ന്. എന്നിട്ടും നമ്മൾ ചിരിച്ചു എന്നുള്ളതാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് അത്. അതുപോലെ തന്നെ പ്രേമലുവും നന്നായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in