'ടർബോക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് രാജ് ബി ഷെട്ടി' ; ആന്റണി വർഗീസ് ചിത്രത്തിൽ ജോയിൻ ചെയ്തു

'ടർബോക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് രാജ് ബി ഷെട്ടി' ; ആന്റണി വർഗീസ് ചിത്രത്തിൽ ജോയിൻ ചെയ്തു
Published on

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി. വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ഏഴാമത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിം​ങ് കൊല്ലത്ത് പുരോ​ഗമിക്കുന്നു. ആർ ഡി എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രമാണിത്.

'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാർലി' (2022), 'ടോബി' (2023) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി. പെപ്പെയോടൊപ്പമുള്ള ഈ സിനിമ രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. ആദ്യ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന 'രുദ്ര'മാണ്. മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ'യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്.

പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രം ഓണം റിലീസായി തീയറ്ററുകളിലെത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥയാണ് പറയുന്നത്. 100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റാണ് ചിത്രത്തിനായ് ഒരുക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

കടലിൻ്റെ പശ്ചാത്തലത്തിൽ, പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം എത്തുന്നത്. 'കെ ജി എഫ് ചാപ്റ്റർ 1', 'കാന്താര' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം: ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, ചിത്രസംയോജനം: ശ്രീജിത്‌ സാരംഗ്, സംഗീതം: സാം സി എസ്സ്, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ്: അമൽ ചന്ദ്ര, വസ്ത്രാലങ്കാരം: നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്), റോജി പി കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ: പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സനൂപ് മുഹമ്മദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.

Related Stories

No stories found.
logo
The Cue
www.thecue.in