'ചെന്നാല്‍ ഞാന്‍ കരയും, കരയാന്‍ എനിക്ക് താത്പര്യമില്ല'; മാമുക്കോയയുടെ ഓര്‍മയില്‍ രഘുനാഥ് പലേരി

'ചെന്നാല്‍ ഞാന്‍ കരയും, കരയാന്‍ എനിക്ക് താത്പര്യമില്ല'; മാമുക്കോയയുടെ ഓര്‍മയില്‍ രഘുനാഥ് പലേരി
Published on

നടന്‍ മാമുക്കോയയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ചങ്ങാതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ വച്ച് മാമുക്കോയയെ കണ്ടിരുന്നു. കുറെ നേരം കയ്യില്‍പ്പിടിച്ചുള്ള സംസാരത്തിനിടയില്‍ കയ്യിലേക്കിട്ടുതന്ന സ്‌നേഹചൂട് അവിടെത്തന്നെ ഉള്ളതു കൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ താന്‍ ചെന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചെന്നാല്‍ താന്‍ കരയുമെന്നും, കരയാന്‍ ഇപ്പോള്‍ ഇഷ്ടമില്ല എന്നും രഘുനാഥ് പലേരി എഴുതുന്നു.

രഘുനാഥ് പാലേരി എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മഴവില്‍ക്കാവടി'യില്‍ പോക്കറ്റടിക്കാരന്‍ കുഞ്ഞിക്കാദറിനെ അവതരിപ്പിച്ചത് മാമുക്കോയയായിരുന്നു. ആ കഥാപാത്രത്തെക്കൂടെ ഓര്‍ത്തു കൊണ്ട് രഘുനാഥ് പാലേരി എഴുതിയത് ഇങ്ങനെയാണ്;

'മഴവില്‍ക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുള്‍ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി.

മനസ്സില്‍ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങള്‍ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.

ആ കണ്ണീര്‍തുള്ളികളാവും

യാ മത്താ.... യാ സത്താ... യാ... ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക.

ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാന്‍ നനയും. അതില്‍ ഒരു കുഞ്ഞിക്കാദര്‍ സ്പര്‍ശമുണ്ടാകും'

Related Stories

No stories found.
logo
The Cue
www.thecue.in