'ആ പാട്ട് അന്ന് തിയറ്ററിൽ കേട്ടപ്പോൾ ആളുകൾ കൂവി': ദേവദൂതന്റെ ആദ്യ തിയറ്റർ പ്രതികരണത്തെക്കുറിച്ച് രഘുനാഥ്‌ പലേരി

'ആ പാട്ട് അന്ന് തിയറ്ററിൽ കേട്ടപ്പോൾ ആളുകൾ കൂവി': ദേവദൂതന്റെ ആദ്യ തിയറ്റർ പ്രതികരണത്തെക്കുറിച്ച് രഘുനാഥ്‌ പലേരി
Published on

ദേവദൂതനിലെ 'എൻ ജീവനേ' എന്നപാട്ട് 24 വർഷം മുൻപ് തിയറ്ററിൽ കേട്ടപ്പോൾ ആളുകൾ കൂവുകയായിരുന്നുവെന്ന് തിരക്കഥാകൃത്ത് രഘുനാഥ്‌ പലേരി. ആ അനുഭവത്തിൽ വിറച്ചു പോയെന്നും രഘുനാഥ്‌ പലേരി പറഞ്ഞു. ജയപ്രദയുടെ കഥാപാത്രം മഹേശ്വറിനോട് മാപ്പു പറയുന്ന രംഗത്തിലും തിയറ്ററിൽ നിന്ന് അപശബ്‍ദം കേട്ടിരുന്നു. ഒരു സൃഷ്ടിക്ക് നേരെ ഇങ്ങനെ ഒരു പ്രതികരണമുണ്ടാകുന്നത് താൻ ആദ്യമായി കാണുകയായിരുന്നു. ഇപ്പോൾ റീ റിലീസ് ചെയ്യാൻ കഴിയുന്നത് സിനിമ പരാജയപ്പെട്ടിട്ടില്ല എന്നതിന് തെളിവാണെന്നും കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ രഘുനാഥ്‌ പലേരി പറഞ്ഞു. രഘുനാഥ്‌ പലേരിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

രഘുനാഥ്‌ പലേരി പറഞ്ഞത്:

അന്ന് എനിക്കോർമ്മയുണ്ട്, എൻ ജീവനെ എന്ന പാട്ട് ഞാൻ തിയറ്ററിൽ കേട്ടപ്പോൾ ആളുകൾ കൂവിയിരുന്നു. ഞാൻ തിയറ്ററിൽ ഇരുന്ന് വിറച്ചു പോയി. ഇന്ന് ആ പാട്ട് എനിക്ക് ആളുകൾ പാടി അയച്ചു തരുന്നുണ്ട്. സിനിമയിലെ ഒരു രംഗത്തിൽ ജയപ്രദയുടെ കഥാപാത്രം മഹേശ്വറിനോട് മാപ്പു പറയുമ്പോഴും തിയറ്ററിൽ നിന്ന് അപശബ്‍ദം കേട്ടിരുന്നു. ഒരു സൃഷ്ടിക്ക് നേരെ ഇങ്ങനെ ഒരു പ്രതികരണം നടത്തുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു. മഴവിൽക്കാവടി ഒക്കെ റിലീസാവുന്ന സമയത്ത് ആളുകൾ ചിരിച്ചു തള്ളുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഈ രീതിയിലുള്ള ഒരു തിയറ്റർ പ്രതികരണം ആദ്യമായിട്ടായിരുന്നു. അങ്ങനെയുള്ള ഒരു സിനിമയെ വർഷങ്ങൾക്ക് ശേഷം പിന്തുണയ്ക്കുന്ന അവസ്ഥ എനിക്കത്ഭുതമാണ്. ഇപ്പോൾ കുറെ മെസ്സേജുകൾ വരുമ്പോൾ അന്ന് അങ്ങനെ എന്തുകൊണ്ട് പറ്റി എന്ന് ഞാൻ ആലോചിക്കാറുണ്ട്. അത് എനിക്ക് അതിശയമാണ്. ഇന്നെനിക്ക് ഉറപ്പുണ്ട് ആ സിനിമ പുതുമയുള്ള ഒന്നാണെന്ന്. അതൊരു ഭാഗ്യമാണ്. ഈ സിനിമ പരാജയപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ് ഇന്ന് ഈ സമയത്ത് സിയാദിനും സിബിയ്ക്കും അത് വീണ്ടും റിലീസ് ചെയ്യാൻ കഴിയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in