വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ?; രാധേ ശ്യാം ട്രെയ്‌ലര്‍

വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ?; രാധേ ശ്യാം ട്രെയ്‌ലര്‍
Published on

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്നാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ആയിരക്കണക്കന് ആരാധകരെയും സിനിമാ രംഗത്തെ പ്രമുഖരെയും സാക്ഷിയാക്കിയാക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ റിലീസ് ചെയ്തത്. പ്രഭാസ്, പൂജ ഹെഗ്ഡെ, സംവിധായകന്‍ രാധാകൃഷ്ണകുമാര്‍, ആദിപുരുഷിന്റെ സംവിധായകന്‍ ഓം റൗട്ട്, മലയാളം ഫിലിം സ്റ്റാര്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ചേര്‍ത്തിണക്കിയ ട്രെയിലര്‍ വലിയ സസ്പെന്‍സ് നല്‍കിയാണ് അവസാനിക്കുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യന്റെ ജീവിതത്തെ പിടിച്ചുലച്ച വലിയ ദുരന്തമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ടൈറ്റാനിക് ചിത്രത്തിന്റെ ക്ലൈമാക്സ് ഓര്‍മ്മപ്പെടുത്തുംവിധമാണ് ട്രെയിലര്‍ അവസാനിക്കുന്നത്. 'ട്രെയിലറില്‍ പ്രഭാസ് പറയുന്നത് പോലെ വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ എന്നറിയണമെങ്കില്‍ ജനുവരി 14 വരെ കാത്തിരുന്നേ മതിയാകു. ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസിന്റെ റോമാന്റിക് വേഷത്തില്‍ സ്‌ക്രീനില്‍ കാണുവാനുള്ള ആവേശത്തിലാണ് കേരളത്തിലെ പ്രഭാസ് ഫാന്‍സും.

യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Related Stories

No stories found.
logo
The Cue
www.thecue.in