'ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പാഴായി പോകുന്നത് ദയനീയം'; രചന നാരായണൻ കുട്ടി

'ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പാഴായി പോകുന്നത് ദയനീയം'; രചന നാരായണൻ കുട്ടി
Published on

ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് അവ​ഗണിക്കുന്നത് അപകടകരമാണ് എന്ന് നടി രചന നാരായണൻ കുട്ടി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ് മാധവ് ഗാഡ്‌ഗിൽ കമ്മീഷൻ റിപ്പോർട്ട്. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള വിദഗ്ധമായ പഠനം നടത്തിയതിനു ശേഷം മാധവ് ഗാഡ്ഗിൽ സമർപ്പിച്ച ഈ റിപ്പോർട്ട് പരി​ഗണിക്കാതെയിരിക്കുന്നത് അപകടകരമാണ് എന്ന് രചന നാരായണൻ കുട്ടി പറയുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തമാണ് എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രചന നാരാണൻ കുട്ടി പറഞ്ഞു.

രചന നാരായണൻ കുട്ടിയുടെ പോസ്റ്റ്:

പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യ ഹോട്ട്സ് പോട്ട് സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്. അത്തരം നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ശ്രീ മാധവ് ഗാഡ്ഗിലിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും വിദഗ്‌ധരുടെ അഭിപ്രായം സ്വീകരിച്ച് അവർ റിപ്പോർട്ട് സമർപ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണ് എന്നും രചന പറഞ്ഞു. ​ഗാഡ്ഗിലിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് കുറിച്ച് മിതമായ അറിവു മാത്രം ഉണ്ടായിരുന്ന തനിക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നത് ഡിസാസ്റ്റർ മാനേജ്മെന്റ് വിദ്യാർത്ഥിനി കൂടിയായ തന്റെ ശിഷ്യയാണ് എന്നും പറഞ്ഞ രചന ശിഷ്യയ്ക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. ഉരുൾപ്പൊട്ടൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ ഊർജിതമായി തുടരുകയാണ്. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in