ഹോളിവുഡ് സംവിധായകന്‍ ക്വന്റിന്‍ ടറന്റീനോയുടെ ഫിലിമോഗ്രഫി അത്ര വലുതല്ല. 1992ല്‍ റെസര്‍വോയര്‍ ഡോഗ്‌സിലൂടെ തൻ്റെ സംവിധായകനായിട്ടുള്ള കരിയര്‍ ആരംഭിച്ച ടാറന്റിനോ 31 വര്‍ഷത്തിനുള്ളില്‍ ഇതുവരെ ചെയ്തത് പത്ത് സിനിമകള്‍ മാത്രമാണ്, അതില്‍ കില്‍ ബില്‍ സീരീസിൻ്റെ രണ്ട് ഭാഗങ്ങളും ഉള്‍പ്പെടുന്നു. അധികം സിനിമകള്‍ ചെയ്യാത്ത ടാറന്റീനോ തൻ്റെ ഫിലിമോഗ്രഫിയില്‍ പത്ത് സിനിമകള്‍ മാത്രമായിരിക്കും ഉണ്ടാവുക എന്ന് മുന്‍പ് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തൻ്റെ കരിയറിലെ അവസാനത്തെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതായി ടാരന്റിനോ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
'ഞാന്‍ എൻ്റെ അവസാന സിനിമയുടെ കഥ പൂര്‍ത്തിയാക്കിയിരിക്കുന്നു ', കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ തിയറി ഫ്രീമോക്സിന്റെ ചോദ്യത്തിന് ഉത്തരമായി ടാരന്റീനോ പറഞ്ഞു.
ടാരന്റിനോയുടെ കരിയറിലെ പതിനൊന്നാമത് ചിത്രമാണ് ഇനി വരാനിരിക്കുന്ന ' ദ മൂവി ക്രിട്ടിക്' . എന്നാല്‍ കില്‍ ബില്‍ സീരീസിലെ രണ്ട് ഭാഗങ്ങളും ഒരു സിനിമയായിട്ട് ടാരന്റിനോ ആരാധകര്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചിത്രം ടാരന്റിനോയുടെ പത്താമത്തെ ചിത്രമാകും.
സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ച മാര്‍ട്ടിന്‍ സ്‌കോസെസി, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് തുടങ്ങിയവരുടെ ആദ്യ സിനിമകളുടെ കാലഘട്ടമായ 1977ന്റെ പശ്ചാത്തലത്തിലാണ് 'ദി മൂവി ക്രിട്ടിക്'സിനിമയുടെ കഥ പറയുന്നത്. പൗലിന്‍ കെല്‍ എന്ന ഹോളിവുഡ് ഫിലിം ക്രിട്ടികിന്റെ ജീവിതത്തെ കുറിച്ചുള്ള സിനിമയാണെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ടാരന്റിനോ അത് നിഷേധിച്ചിട്ടുണ്ട്. വിരമിക്കലിന് ശേഷം പുസ്തകങ്ങള്‍ എഴുതാനും,സീരീസുകള്‍ നിര്‍മിക്കാനുമായിരിക്കും സാധ്യത എന്നും അദ്ദേഹം പറഞ്ഞു