ആറാട്ടിനെതിരെ ആസൂത്രിത പ്രചരണമെന്ന് ബി.ഉണ്ണികൃഷ്ണൻ, ബോധപൂർവം താഴ്ത്തികെട്ടുന്നു

ആറാട്ടിനെതിരെ ആസൂത്രിത പ്രചരണമെന്ന് ബി.ഉണ്ണികൃഷ്ണൻ, ബോധപൂർവം താഴ്ത്തികെട്ടുന്നു
Published on

ആറാട്ട് സിനിമക്കെതിരെ ആസൂത്രിത നീക്കമെന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ

എല്ലാ സിനിമകൾക്കും നേരിടുന്നൊരു പ്രതിസന്ധി തന്നെയാണ് ആറാട്ടും നേരിടുന്നത്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകർക്ക് സിനിമയെ വിമർശിക്കാനുള്ള അധികാര അവകാശങ്ങളുണ്ട്. പ്രേക്ഷകരാണ് ജനാധിപത്യത്തിൽ രാജാക്കന്മാർ, ഞങ്ങളെല്ലാം അവരുടെ വിധി കാത്ത് നിൽക്കുന്ന പ്രജകൾ മാത്രമാണ്. ഇവിടെ സംഭവിക്കുന്നത് സിനിമ പോലും കാണാതെയുള്ള വിമർശനങ്ങളാണ്. ആറാട്ട് തിയേറ്ററിനകത്ത് നിന്ന് ഷൂട്ട് ചെയ്ത്, രണ്ടു പേര് കിടന്ന് ഉറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആകമാനം പ്രചരിച്ചിട്ടുണ്ട്. ആ വീഡിയോക്ക് എതിരെ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ തിയേറ്ററിലെ കളക്ഷൻ കേട്ടാൽ നിങ്ങൾ ഞെട്ടും, അത്രയും ഹൗസ് ഫുൾ ഷോകൾ ആ തിയേറ്ററിലുണ്ട്.

ഇതെല്ലം എന്തിന്റെ പേരിലാണെങ്കിലും, ആരാധകർ തമ്മിലുള്ള യുദ്ധമെന്ന് പറയാം, മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ മുകളിലെന്ന് വേണമെങ്കിലും പറയാം, എന്താണെങ്കിലും തൊഴു കയ്യുകളോടെ നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമേയുളളൂ, ക്രിയാത്മകമായി നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇൻഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നത്. എനിക്ക് ഈ അവസരത്തിൽ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുവാൻ കഴിയുന്നത് പ്രേക്ഷകരിൽ ഞങ്ങൾക്കുള്ള വിശ്വാസം പാലിക്കപ്പെട്ടു എന്നുള്ളതുകൊണ്ടാണ്. ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ കൊടുക്കാതെ ഒന്നര വർഷത്തോളമായി ഞാനീ സിനിമ ഹോൾഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. അതെന്തുകൊണ്ടാണ്? തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ കാണേണ്ട സിനിമയാണ് ആറാട്ട്.

ഞാൻ പല ആവർത്തി പറഞ്ഞതാണ് ഇതിനകത്ത് നിങ്ങൾ കനപ്പെട്ട കണ്ടന്റ് നോക്കേണ്ട ആവശ്യമില്ല, വലിയൊരു കഥാഗതി നോക്കേണ്ട കാര്യമില്ല, ഗൗരവപരമായ ഒരു വിഷയവും ഇതിൽ ചർച്ച ചെയ്യുന്നില്ല, ഇതൊരു മോഹൻലാൽ സിനിമ എന്ന രീതിയിൽ കണ്ടു പോകേണ്ട സിനിമയാണ്. അങ്ങനെയൊരു സിനിമ തിയേറ്ററിൽ കൂട്ടം കൂട്ടമായി ആളുകൾ കോവിഡിന് ശേഷം വന്നിരുന്ന് പോപ്‌കോൺ കഴിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കാണണമെന്നുള്ള അതിയായ ആഗ്രഹത്തിന് മുകളിൽ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണ്. പ്രേക്ഷകരിലും തിയേറ്ററിലുമുണ്ടായിരുന്ന ആ വിശ്വാസം പ്രേക്ഷകർ നിറഞ്ഞ സ്നേഹത്തോടെ എനിക്ക് തിരിച്ച് തന്നതിൽ വലിയ സന്തോഷമുണ്ട്. ആ സന്തോഷത്തിനു മുന്നിൽ നിങ്ങൾ ചൂണ്ടിക്കാണിച്ച ചെറിയ പ്രശ്നങ്ങളെ മറക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in