ലൈഗറിന്റെ പരാജയം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥ്

ലൈഗറിന്റെ പരാജയം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥ്
Published on

വിജയ് ദേവരകൊണ്ട നായകനായ ലൈഗറിന്റെ പരാജയത്തിന് പിന്നാലെ വിതരണക്കാരുടെ ഭാഗത്ത് നിന്നും സംവിധായകന്‍ പുരി ജഗന്നാഥന് ഭീഷണികള്‍ വന്നിരുന്നു. ഇപ്പോഴിതാ ഭീഷണിയെ തുടര്‍ന്ന് പുരി ജഗന്നാഥ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അതോടൊപ്പം പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഗറിന്റെ പരാജയം കാരണം ഉണ്ടായ നഷ്ടം നികത്തണം എന്നതാണ് വിതരണക്കാരുടെ ആവശ്യം. പൂരി ജഗന്നാഥിന്റെ ഹൈദരാബാദിലെ വീടിന് മുന്നില്‍ പ്രതിഷേധം നടത്താനും വിതരണക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. നിലവില്‍ സംവിധായകന്‍ മുംബൈയിലാണ് താമസിക്കുന്നത്.

അതേസമയം കരാര്‍ പ്രകാരമുള്ള പണം മുഖ്യ വിതരണക്കാരനായ വാരങ്കല്‍ ശ്രീനുവിന് കൊടുത്തുവെന്നാണ് പൊലീസില്‍ നില്‍കിയ പരാതിയില്‍ പൂരി ജഗന്നാഥ് പറയുന്നത്. എന്നാല്‍ അയാള്‍ സഹ വിതരണക്കാര്‍ക്ക് പണം നല്‍കിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. വാരങ്കല്‍ ശ്രീനു തന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്.

25 കോടിയോളമായിരുന്നു ലൈഗര്‍ ആഗോള തലത്തില്‍ ആദ്യം ദിനം നേടിയത്. പിന്നീട് ചിത്രത്തിന് നെഗറ്റീവ് റിവ്യു വന്നതോടെ ബോക്‌സ് ഓഫീസില്‍ പരാജയമാവുകയായിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍, അതിഥി താരമായി ഇതിഹാസ താരം മൈക്ക് ടൈസണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in