പുനീതിന്റെ കണ്ണുകള്‍ നാല് പേര്‍ക്ക് കാഴ്ച്ച നല്‍കും

പുനീതിന്റെ കണ്ണുകള്‍ നാല് പേര്‍ക്ക് കാഴ്ച്ച നല്‍കും
Published on

അന്തരിച്ച കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്ക് കാഴ്ച്ച നല്‍കും. 2 കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ച നഷ്ടപ്പെട്ട നാല് രോഗികളില്‍ വെച്ച്പിടിപ്പിച്ചു. നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. 2 കോര്‍ണിയയിലെയും പാളികള്‍ രണ്ടായി വേര്‍തിരിക്കുകയായിരുന്നു.

കണ്ണുകള്‍ സ്വീകരിക്കാന്‍ അനുയോജ്യരായ രോഗികളെ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. നാരണയണ നേത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. രാജ്കുമാറാണ് നേത്രബാങ്കുകള്‍ മുഖേന കണ്ണുകള്‍ ദാനം ചെയ്തത്. പുനീതിന്റെ പിതാവും മുതിര്‍ന്ന കന്നട നടനുമായ ഡോ.രാജ്കുമാര്‍ 1994ല്‍ നേത്രബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ തന്റെ കുടുംബാങ്ങളുടെ എല്ലാവരുടെയും കണ്ണുകള്‍ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നല്‍കിയിരുന്നു.

പുനീത് പഠന സഹായം നല്‍കിയിരുന്ന 1800 കുട്ടികളുടെ പഠനച്ചിലവ് താരത്തിന്റെ മരണ ശേഷം തമിഴ്താരം വിശാല്‍ ഏറ്റെടുത്തിരുന്നു. 'പുനീത് നല്ലൊരു നടനും അതിലും നല്ലൊരു സുഹൃത്തുമാണ്. ഇത്രമാത്രം ലാളിത്യമുള്ള മറ്റൊരു സൂപ്പര്‍ സ്റ്റാറിനെയും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഒരുപാട് സാമൂഹിക സേവനങ്ങളും നടത്തിയിരുന്നു. അദ്ദേഹം സൗജന്യമായി പഠിപ്പിച്ച് പോന്നിരുന്ന 1800 കുട്ടികളെ ഞാന്‍ ഏറ്റെടുക്കുന്നു. അവര്‍ക്ക് തുടര്‍ന്നും സൗജന്യമായി വിദ്യഭ്യാസം ലഭിക്കും.' എന്നാണ് വിശാല്‍ വ്യക്തമാക്കിയത്.

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായും വിജയ നായകനായി തുടരുന്നതിനിടയിലുമാണ് പുനീതിന്റെ അകാല വിയോഗം. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിയവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in