നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Published on

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. വിചാരണക്കോടതിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നടപടികള്‍ നീളുന്നതിനെ ജസ്റ്റിസ് എസ്.ഓഖ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. വിചാരണ നീളുകയാണെന്നും മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതായും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ജാമ്യം നല്‍കാന്‍ കോടതി തയ്യാറായത്. ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണക്കോടതിയില്‍ പ്രതിയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കര്‍ശന ജാമ്യ വ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ജാമ്യ വ്യവസ്ഥ സംബന്ധിച്ച് വിചാരണക്കോടതില്‍ സര്‍ക്കാരിന് ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി. സുനിക്ക് ഏഴ് വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2017ല്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ പ്രതി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി നല്‍കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസം വിസ്തരിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത് എന്തുതരം വിചാരണയാണെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ തുടര്‍ച്ചയായി ക്രോസ് വിസ്താരം ചെയ്യുന്നതിനെതിരെയും വിമര്‍ശനമുണ്ടായി. വിചാരണ നീണ്ടതില്‍ പ്രോസിക്യൂഷനും സര്‍ക്കാരും ഇടപെടാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 2017 ഫെബ്രുവരി 23 മുതല്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് രണ്ടു തവണ സുപ്രീം കോടതി തന്നെ ജാമ്യം നിഷേധിച്ചിരുന്നു. വിചാരണ നീണ്ടു പോകുന്നതിനാല്‍ തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതിയില്‍ ഇത്തവണ പള്‍സര്‍ സുനി ബോധിപ്പിച്ചു. വിചാരണ നീളാന്‍ കാരണം എട്ടാം പ്രതിയുടെ അഭിഭാഷകനാണെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാന്‍ ദിലീപ് ശ്രമിക്കുകയാണെന്ന് സംസ്ഥാനം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെ 87 ദിവസമാണ് ക്രോസ് വിസ്താരം ചെയ്തത്. കേസിലെ മറ്റു സാക്ഷികളെയും ദിവസങ്ങളോളം ക്രോസ് ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും വിസ്താരം നീണ്ടതോടെ സമയ പരിധി പാലിക്കാന്‍ കഴിയാതെ വന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇതോടെ വിചാരണാ നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിട്ടുണ്ടെങ്കിലും പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസം നേരിടുമെന്നാണ് സൂചന. കേസില്‍ നവംബറില്‍ വിധി പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in