മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ
Published on

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഔദ്യോഗികമായ പ്രഖ്യാനമായിട്ടില്ല. അതിന് മുൻപായി സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള സർക്കുലറാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി, റിമ കല്ലിങ്കൽ, ബിനീഷ് ചന്ദ്ര എന്നിവരുടെ കൂട്ടായ്മയാണ് സർക്കുലർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നി ആയിരിക്കും പുതിയ സംഘടന പ്രവർത്തിക്കുക. നീതിയുക്തവും ന്യായപൂർണ്ണവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുക എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംഘടനയുടെ പ്രവർത്തനമെന്നും സർക്കുലർ വിശദീകരിക്കുന്നു.

സർക്കുലറിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയ വ്യവസായമാണ് സിനിമ. സിനിമയുടെ പിന്നണിപ്രവർത്തകർ എന്ന നിലയിൽ, നാം സൃഷ്ടിക്കുന്ന അടിത്തറയിലാണ് ഈ വ്യവസായം നിലനിൽക്കുന്നത്. തൊഴിൽ നിർമ്മാണവും, സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കലും, പുതുവഴികൾ സൃഷ്ടിക്കപ്പെടലുമൊക്കെ ഇവിടെ നടക്കുന്നുണ്ട്. എന്നിരിക്കിലും ഈ വ്യവസായം ഇപ്പോഴും ഒരു പരിധിവരെ കാലഹരണപ്പെട്ട രീതികളേയും സംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പലപ്പോഴും നിയതമായ രീതികളോ വ്യവസ്ഥകളോ ഇല്ലാത, ഒട്ടും പുരോഗമനപരമല്ലാതെ തുടരുന്ന മേഖലകളിലാണ് നമുക്ക് പ്രവർത്തിക്കേണ്ടി വരുന്നുന്നത്. നൂതനകാലത്തെ മറ്റ് വ്യവസായ മേഖലകളുമായി തുലനം ചെയ്തു നോക്കുമ്പോൾ നമ്മുടെ പ്രവർത്തന രംഗം ഒട്ടേറെ പിറകിലാണെന്ന് പറയാതെ വയ്യ.

ഈ സാഹചര്യത്തിൽ, ഒരു പുത്തൻ മലയാള സിനിമാ സംസ്കാരത്തെ പിൻതാങ്ങുന്ന, സിനിമാ പിന്നണിപ്രവർത്തകരുടെ ഒരു പുതിയ കൂട്ടായ്മ ഇവിടെ അനിവാര്യമാണ്. ധാർമ്മികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തീകരണം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി രൂപീകരിക്കേണ്ട ഈ കൂട്ടായ്മ, ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ, നീതിയുക്തവും ന്യായപൂർണ്ണവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുക എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണം.

ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്വവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്തഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെപ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലിടങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംഭങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെ ന്ന്ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കുണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്. പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളൂ. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള പരസ്പരപൂരകങ്ങളായ സഹായങ്ങളും, പദ്ധതിഘടനകളും(frameworks), മാർഗ്ഗരേഖകളും, പിന്തുണയും നൽകുന്ന കൂട്ടായ്മയാണ് നാം വിഭാവന ചെയ്യുന്നത്.

നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം, സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം. സിനിമ എന്ന വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്നത്തിൽ നമുക്ക് ഒന്നിച്ച് അണിചേരാം..

Related Stories

No stories found.
logo
The Cue
www.thecue.in