സിനിമകളിലും വെബ്‌സീരിസുകളിലും ഉള്‍പ്പടെ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് പ്രതിരോധ മന്ത്രാലയം. സൈന്യത്തെക്കുറിച്ചുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പായി പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന് അയച്ച കത്തില്‍ പ്രതിരോധമന്ത്രാലയം പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ചില വെബ്‌സീരീസുകളിലും സിനിമകളിലും സായുധ സേനാംഗങ്ങളെ മോശമായി ചിത്രീകരിച്ചതായും, അതില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്നതായും കത്തില്‍ പറയുന്നുണ്ട്. സിനിമകള്‍, വെബ്‌സീരീസുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയില്‍ സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കാണിക്കുന്നതിന് എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും.
ആഗസ്റ്റ് ഒന്ന് മുതലാണ് നിയന്ത്രണം ബാധകം. ചില വെബ്‌സീരീസുകളില്‍ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ യൂണിഫോമിനെയും അപമാനിക്കുന്ന തരത്തില്‍ വികലമായി ചിത്രീകരിച്ചതായി പരാതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയത്. ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ നിബന്ധന സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്.