'മിന്നൽ മുരളിക്ക് പകരം തിയറ്ററിന് വേണ്ടി ആർഡിഎക്സ് '; നഹാസിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സോഫിയ പോൾ

'മിന്നൽ മുരളിക്ക് പകരം തിയറ്ററിന് വേണ്ടി ആർഡിഎക്സ് '; നഹാസിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സോഫിയ പോൾ
Published on

മിന്നൽ മുരളിക്ക് തിയറ്റർ റിലീസ് ചെയ്യാൻ കഴിയാതായപ്പോൾ ഒരു മാസ്സ് സിനിമ ചെയ്യണം എന്ന ആ​ഗ്രഹമുണ്ടായിരുന്നെന്നും അങ്ങനെയാണ് ആർ ഡി എക്സിലേക്ക് വരുന്നതെന്നും നിർമാതാവ് സോഫിയ പോൾ. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ആർ ഡി എക്സ്'. നഹാസ് ആദ്യം വരുന്നത് ആർ ഡി എക്സിന്റെ കഥയുമായിട്ട് ആയിരുന്നില്ലെന്നും എന്നാൽ ആ പ്രൊജക്ട് ചെയ്യാൻ കുറച്ച് കൂടുതൽ സമയം വേണ്ടി വരുമെന്ന ഘട്ടത്തിലാണ് ആർ ഡി എക്സിന്റെ വൺ ലെെൻ കഥ പറയുന്നതെന്നും സോഫിയ പോൾ പറഞ്ഞു. ഒരാളുടെ സിനിമ നിന്ന് പോകുമ്പോൾ ഒരുപാട് നെ​ഗറ്റീവ് കമന്റുകൾ കേൾക്കുമെന്നും പക്ഷേ ഞങ്ങൾക്ക് അത് ബാധകമായിരുന്നില്ലെന്നും ന​ഹാസിൽ വിശ്വാസമുണ്ടായിരുന്നെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സോഫിയ പോൾ പറഞ്ഞു.

സോഫിയ പോൾ പറഞ്ഞത്

നഹാസ് വന്നു പറഞ്ഞത് ഒരു വലിയ സിനിമ തന്നെ ആയിരുന്നു. പക്ഷേ ആ സിനിമ ചെയ്യാൻ കുറച്ച് ടെെം എടുക്കും. അപ്പോൾ ഞാൻ ചോദിച്ചു വെറേ എന്തെങ്കിലും തിരക്കഥ ഉണ്ടോയെന്ന്. എന്നോടൊരു വൺലെെൻ പറഞ്ഞു. അത് ആർ ഡി എക്സിന്റേതായിരുന്നു. അത് ഡെവലപ്പ് ചെയ്യണം എന്ന് പറ‍ഞ്ഞു. ഇതാകുമ്പോൾ കുറച്ച് വേ​ഗത്തിൽ നടക്കും. മറ്റേത് കുറച്ച് സമയം എടുക്കും. എനിക്കറിയാം നഹാസിന്റെ ഒരു പ്രൊജക്ട് നിന്നു പോയിട്ടുണ്ടെന്നും അത് നഹാസിന്റെ കുഴപ്പം കൊണ്ടല്ല നിന്നു പോയതെന്നും. ഒരാളുടെ സിനിമ നിന്ന് പോകുമ്പോൾ ഒരുപാട് നെ​ഗറ്റീവ്സ് നമ്മൾ കേൾക്കും. പക്ഷേ ഞങ്ങൾക്ക് അത് ബാധകമായിരുന്നില്ല. അയാളിൽ ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു, അയാളുടെ ഷോർട്ട് ഫിലിം നന്നായിട്ട് നിർമിച്ചിട്ടുണ്ടായിരുന്നു. പിന്നെ കഥ പറയുമ്പോൾ നമുക്കറിയാല്ലോ, അയാളുടെ ഉള്ളിൽ സിനിമയുണ്ട് എന്ന്. ഇത് നന്നായിട്ട് കൊണ്ടു പോകാൻ നഹാസിന് സാധിക്കും എന്നുള്ള വിശ്വാസത്തിന്റെ പുറത്താണ് ആർ ഡി എക്സിൽ വർക്ക് ചെയ്യാൻ പറയുന്നത്.

'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിക്കുന്ന ചിത്രമാണ് 'ആർ ഡി എക്സ്'. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനെറായ ചിത്രത്തിൽ ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിന്' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 25 ന് ഓണം റിലീസായി തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in