സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ ഏറ്റെടുക്കാൻ ആദ്യം ഏഷ്യാനെറ്റ് ഉൾപ്പടെ പല ചാനലുകളും ധൈര്യമുണ്ടായിരുന്നില്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. അവർക്കെല്ലാവർക്കും പേടി ഇതൊരു കോമിക് ആയി മാറുമോ എന്നായിരുന്നു. രണ്ട് കോടി എഴുപത് ലക്ഷം രൂപയായിരുന്നു സിനിമക്ക് ആദ്യം നിശ്ചയിച്ചിരുന്ന ബഡ്ജറ്റ്. സിനിമ തീർന്നപ്പോൾ അഞ്ചരകോടിയായി ഇരട്ടി പൈസയായി എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.തുടക്കത്തിൽ ഗുരു സോമസുന്ദരം, വിജയരാഘവൻ, മുകേഷ്, അലൻസിയർ എന്നിവരെയാണ് പ്രധാന വേഷത്തിൽ പരിഗണിച്ചിരുന്നതെന്ന് സന്തോഷ് ടി കുരുവിള ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സന്തോഷ് ടി കുരുവിള പറഞ്ഞത് :
കേരളത്തിലെ ഒരുവിധപ്പെട്ട എല്ലാ നിർമാതാക്കളെയും അഭിനേതാക്കളെയും കണ്ടിട്ടാണ് ഒടുവിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്റെ അടുക്കൽ എത്തുന്നത്. എന്റെ കൂടെ പഠിച്ച ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആണ് ഇങ്ങനെയൊരു കഥയുണ്ട് കുറച്ചു റിസ്ക് ആണ് ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കുന്നത്. കഥ കേട്ടിട്ട് സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോൾ രതീഷ് പോലും വിശ്വസിച്ചില്ല. സിനിമയുടെ സാറ്റലൈറ് ആദ്യം വിൽക്കാൻ നന്നായി ബുദ്ധിമുട്ടി. ഏഷ്യാനെറ്റിനും ആർക്കും വിശ്വാസമില്ലായിരുന്നു കാരണം റോബോട്ടിനെ വച്ചൊരു സിനിമ അതും പുതിയ സംവിധായകനും മൈൻസ്ട്രീമിലെ വലിയ താരങ്ങൾ ഒന്നുമില്ല. ഗുരു സോമസുന്ദരം, വിജയരാഘവൻ, മുകേഷ് തുടങ്ങിയവരെല്ലാം അഭിനേതാക്കളായി നോക്കിയിരുന്നു. ഞാനാണ് സുരാജ് വെഞ്ഞാറമൂട് ആയാലോയെന്ന് സജസ്റ്റ് ചെയ്യുന്നത്. ഒരു ചാനലുകാർക്കും സിനിമ എടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. ഔട്ട്സൈഡ് ഇന്ത്യക്ക് സെൻട്രൽ പിക്ചേഴ്സിനോട് പറഞ്ഞു അവർക്ക് ധൈര്യമില്ല. അവർക്കെല്ലാവർക്കും പേടി ഇതൊരു കോമിക് ആയി മാറുമോ എന്നായിരുന്നു. രണ്ട് കോടി എഴുപത് ലക്ഷം രൂപയായിരുന്നു സിനിമക്ക് ആദ്യം നിശ്ചയിച്ചിരുന്ന ബഡ്ജറ്റ്. സിനിമ തീർന്നപ്പോൾ ഇരട്ടി പൈസയായി അഞ്ചരകോടിയായി. ആദ്യ ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ വളരെ മോശമായിരുന്നു. പിന്നെ ഞങ്ങളുടെ ടീമത് നന്നായി മാർക്കറ്റ് ചെയ്തു കാരണം സിനിമ വളരെ നന്നായി വന്നു. സാറ്റലൈറ്റ് എടുത്തു.
സൈജു കുറുപ്പ്, കെൻഡി സിർദോ, മാല പാർവതി, രാജേഷ് മാധവൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ബിജിബാൽ സംഗീതം നിർവഹിച്ച സിനിമയുടെ ഛായാഗ്രഹണം സാനു ജോൺ വർഗീസ് ആയിരുന്നു. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം സുരാജിന് മികച്ച നടനുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടി.