'ജെന്റിൽമാൻ' അവിടെ തീർന്നില്ല, തൊഴുകൈയോടെ കെ ടി കുഞ്ഞുമോൻ വീണ്ടും തിയറ്ററുകളിലേക്ക് ക്ഷണിക്കുന്നു

'ജെന്റിൽമാൻ' അവിടെ തീർന്നില്ല, തൊഴുകൈയോടെ കെ ടി കുഞ്ഞുമോൻ വീണ്ടും തിയറ്ററുകളിലേക്ക് ക്ഷണിക്കുന്നു
Published on

കാൽനൂറ്റാണ്ടുകൾക്ക് ശേഷം 'ജെന്റിൽമാൻ' വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ രണ്ടാംഭാ​ഗവുമായി വരാൻ ഒരുങ്ങുകയാണ് നിർമാതാവ് കെ ടി കുഞ്ഞുമോൻ. ഇന്റർനാഷണലിന്റെ ബാനറിൽ ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നൂതന സാങ്കേതിക വിദ്യകളോടെ ഹോളിവുഡ് നിലവാരത്തിലാകും എത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലെത്തുന്ന 'ജെന്റിൽമാൻ 2' തിയറ്റർ റിലീസിന് ശേഷമേ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തൂ എന്നും നിർമാതാവ് പറയുന്നു.

ജെന്റിൽമാൻ രണ്ടാം വരവിനെ കുറിച്ച് കെ.ടി കുഞ്ഞുമോൻ:

'ജെന്റിൽമാൻ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയപ്പോൾ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇന്ത്യയിൽ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി. സിനിമയുടെ രണ്ടാം ഭാഗം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. നടീ നടന്മാർ മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നു വരുന്നു. ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ'

അർജ്ജുൻ, മധുബാല എന്നിവരായിരുന്നു ആദ്യ ഭാ​ഗത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. സംവിധായകൻ എസ് ശങ്കറിന്റെ ആദ്യ സിനിമയായിരുന്നു 1993 ൽ പുറത്തിറങ്ങിയ 'ജെന്റിൽമാൻ'. നവാ​ഗത സംവിധായകനായിരുന്നെങ്കിലും ചിത്രത്തിന് പ്രേക്ഷകർ നൽകിയ പിന്തുണ വലുതായിരുന്നു. അർജ്ജുൻ, എ ആർ റഹ്മാൻ, പ്രഭുദേവ, വടിവേലു, കാമറാമാൻ ജീവ എന്നിവരെ പ്രേക്ഷകർക്ക് പരിചിതരാക്കിയതും ഈ ഒരൊറ്റ ചിത്രമാണ്. ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം തമിഴ് സിനിമയിലെ 'ജെന്റിൽമാൻ' എന്നും നിർമാതാവ് അറിയപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in