ദുല്‍ഖര്‍ നായകനായ 'കുറുപ്പ്' തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കാരണം മമ്മൂട്ടിയുടെ ധീരമായ തീരുമാനമായിരുന്നുവെന്ന് നിര്‍മാതാവ് കെ.ടി. കുഞ്ഞുമോന്‍. പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികള്‍ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്തതോടെ മഹാമാരി കാലത്ത് സിനിമക്ക് പുനര്‍ജന്മം ലഭിച്ചിരിക്കുകയാണെന്നും കെ.ടി.കുഞ്ഞുമോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ മരക്കാറും പ്രേക്ഷകര്‍ വിജയിപ്പിക്കണമെന്നും കെ.ടി.കുഞ്ഞുമോന്‍ കുറിച്ചു.
കെ.ടി. കുഞ്ഞുമോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
'മമ്മൂട്ടിക്കും ദുല്‍ക്കറിനും അഭിനന്ദനങ്ങള്‍ , ലാലിന് ആശംസകള്‍ !
ലോക്ഡൗണിന് ശേഷം തിയറ്ററില്‍ റിലീസ് ചെയ്ത കുറുപ്പ് വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകര്‍ഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണര്‍വുമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ഈ സിനിമാ ഒടിടി റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും മമ്മൂട്ടിയുടെ നിര്‍ബന്ധ പ്രകാരമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു.
പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികള്‍ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു. കുറുപ്പിന്റെ തിയേറ്റര്‍ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്ക് പുനര്‍ജന്മം ലഭിച്ചിരിക്കുകയാണ്. മറ്റു പലരും വ്യവസായത്തിന്റെ നന്മയ്ക്കായി നില്‍ക്കാതെ സ്വാര്‍ത്ഥരായി ഒടിടിക്കു പുറകേ പോകുമ്പോള്‍ വ്യവസായത്തിന്റെ നന്മ മാത്രം മുന്നില്‍ കണ്ടു കൊണ്ട് സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ പരിശ്രമിച്ച മമ്മൂട്ടിയും ദുല്‍ക്കറും പ്രത്യേകം അഭിനന്ദിക്കപ്പെടേണ്ടവരാണ്... അവര്‍ക്ക് എന്റെ വ്യക്തിപരമായ നന്ദിയും അഭിനന്ദനങ്ങളും.
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ' മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ' തിയേറ്ററില്‍ റിലീസ് ചെയ്യുകയാണല്ലോ ഈ സിനിമയേയും പ്രേക്ഷകര്‍ വിജയിപ്പിക്കണം ... ഇത് ഈ എളിയവന്റെ അഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയുമാണ്. ലാലിനും കൂട്ടര്‍ക്കും വന്‍ വിജയം ആശംസിക്കുന്നു.
ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലും സിനിമാ വിതരണക്കാരന്‍ , നിര്‍മാതാവ് എന്നീ നിലയിലും ഞാന്‍ പറയട്ടെ. സിനിമ തിയറ്റില്‍ അനുഭവിച്ച് ആസ്വദിക്കേണ്ട വിനോദമാണ്. അല്പ നേരത്തേക്കെങ്കിലും നമുക്ക് അനുഭൂതിയും ആശ്വാസവുമേകുന്ന ഏക ഇടം. അതു കൊണ്ട് സിനിമകള്‍ ആദ്യം തിയറ്ററിലേ റിലീസ് ചെയ്യാവൂ. അതാണ് വ്യവസായത്തിന്റെ നിലനില്‍പ്പിനും നല്ലത്. അതിന് ശേഷം മാത്രമേ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം.
ഒരു ബിഗ് ബജറ്റ് സിനിമ നിര്‍മിക്കാന്‍ സജ്ജമായിരിക്കുന്ന ഞാന്‍ സിനിമ തുടങ്ങി പൂര്‍ത്തിയാക്കിയാല്‍ മറ്റു പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരും എന്നതു കൊണ്ടാണ് എന്റെ 'ജെന്റില്‍മാന്‍ 2'ന്റെ ഷൂട്ടിങ് തന്നെ തുടങ്ങാതിരിക്കുന്നത്. എന്റെ സിനിമകള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്ന ഉറച്ച തീരുമാനം എനിക്കുണ്ട്. കാരണം ഈ വ്യവസായം എന്റെ ദൈവമാണ്, ജീവനാണ്, ജീവിതമാണ്. അതു കൊണ്ട് ഈ എളിയവന്‍ വീണ്ടും അഭ്യര്‍ഥിക്കുന്നു. എന്ത് പ്രതിസന്ധി വന്നാലും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക... തിയേറ്റര്‍ വ്യവസായം വളരട്ടെ. സിനിമാ വ്യവസായവും വളരട്ടെ.... നന്ദി.'