'സിനിമയുടെ ഉള്ളടക്കത്തെ ഇത് ബാധിക്കുമോ എന്ന് ഭയം തോന്നി'; എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സിനിമയായിരുന്നില്ല 'കങ്കുവ' എന്ന് കെ ഇ ജ്ഞാനവേൽ

'സിനിമയുടെ ഉള്ളടക്കത്തെ ഇത് ബാധിക്കുമോ എന്ന് ഭയം തോന്നി'; എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സിനിമയായിരുന്നില്ല 'കങ്കുവ' എന്ന് കെ ഇ ജ്ഞാനവേൽ
Published on

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു സിനിമയല്ല കങ്കുവ എന്ന് നിർമാതാവ് കെ ഇ ജ്ഞാനവേൽ. നിശ്ചയിക്കുന്ന ബഡ്ജറ്റിൽ നിൽക്കാത്ത സിനിമയായിരിക്കും കങ്കുവ എന്ന് സംവിധായകൻ ശിവ തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് ജ്ഞാനവേൽ പറയുന്നു. ശിവ സാറിന്റെ ഒപ്പം നിൽക്കുമ്പോൾ ഒരു ഭയം മാത്രമാണുണ്ടാകാറുള്ളത്, ഒരു എപ്പിസോഡ് എത്ര തുക ചിലവാകുന്നുണ്ടെന്ന് ചോദിച്ചാൽ ആ എപ്പിസോഡിന്റെ തുക മൊത്തത്തിൽ കുറയ്ക്കാൻ ശ്രമിക്കും. എന്നാൽ അത് സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കുമോ എന്ന് തനിക്ക് ഭയം തോന്നാറുണ്ട് എന്ന് ജ്ഞാനവേൽ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ ഇ ജ്ഞാനവേൽ പറഞ്ഞത് :

സൂര്യയോട് കഥപറയാൻ പോകുമ്പോൾ സംവിധായകൻ ശിവ വലിയ ആവേശത്തിലായിരുന്നു. പക്ഷെ അദ്ദേഹത്തിന് എന്നെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നു. ഇത്രയും വലിയ ബഡ്ജറ്റിൽ സിനിമ ചെയ്യാനാകുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. നമുക്കിത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ഒരു കാര്യത്തെ നോക്കിക്കാണുന്ന രീതിയിലും, നിർമ്മാതാവിന് പ്രാധാന്യം കൊടുക്കുന്ന കാര്യത്തിലും, സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലുമെല്ലാം ഹരി സാർ പ്രേത്യേകം ശ്രദ്ധയുള്ള ആളാണ്. ഒരു പ്രശ്നം വന്നാൽ പോലും അതിൽ നിർമ്മാതാവിന് ഒരു വേദന വരാത്ത രീതിയിലാണ് അദ്ദേഹം അത് നോക്കുക. നിർമ്മാതാവിനെ എല്ലാ കാര്യങ്ങളിലും ഉൾപ്പെടുത്താൻ ശ്രമിക്കും. ഫുട്ടേജ് കാണിച്ചു തന്ന് എങ്ങനെയാണ് സിനിമ വരുന്നതെന്ന് പറഞ്ഞു തരും. ശിവ സാറിന്റെ ഒപ്പം നിൽക്കുമ്പോൾ എനിക്ക് ഒരു ഭയം മാത്രമാണുള്ളത്. ഒരു എപ്പിസോഡിന് എത്ര തുക ചിലവാകുന്നുണ്ടെന്ന് ചോദിച്ചാൽ ആ എപ്പിസോഡിന്റെ തുക മൊത്തത്തിൽ കുറയ്ക്കാൻ ശ്രമിക്കും. അത് പക്ഷെ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കുമോ എന്ന് എനിക്ക് ഭയമുണ്ടാവാറുണ്ട്. ഇനിയും നന്നായി ചെയ്യണം എന്ന് ഞാൻ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. ഈ പ്രോജക്ടിന്റെ കാര്യത്തിൽ എല്ലാവിധ ഉത്തരവാദിത്തവും ഏറ്റെടുത്ത ആളാണ് ശിവ. ബഡ്ജറ്റിന്റെ കാര്യം മാത്രമല്ല ഒരു പ്രശ്നം വന്നാലും അദ്ദേഹം അത് കൃത്യമായി പരിഹരിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ചിത്രമല്ല കങ്കുവ. സങ്കീർണ്ണമായ ഒരു സിനിമ തന്നെയായിരുന്നു അത്. പക്ഷെ ശിവ സാർ അതിനെ ഭംഗിയായി കൈകാര്യം ചെയ്തു.

സൂര്യ നായകനാവുന്ന കങ്കുവ ഒക്ടോബർ 10 നാണ് തിയറ്ററുകളിൽ എത്തുക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുക എന്നാണ് ലഭിക്കുന്ന സൂചന. ബോബി ഡിയോളാണ് കങ്കുവിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബി ഡിയോളിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ദിഷ പട്ടാണിയാണ് ചിത്രത്തിലെ നായിക.

Related Stories

No stories found.
logo
The Cue
www.thecue.in