റെക്കോര്‍ഡുകള്‍ മറികടന്ന കിലുക്കം; 60 ലക്ഷം ചെലവായ ചിത്രം നേടിയ കളക്ഷനെ കുറിച്ച് നിര്‍മ്മാതാവ്

റെക്കോര്‍ഡുകള്‍ മറികടന്ന കിലുക്കം; 60 ലക്ഷം ചെലവായ ചിത്രം നേടിയ കളക്ഷനെ കുറിച്ച് നിര്‍മ്മാതാവ്
Published on

പുറത്തിറങ്ങി 30 വര്‍ഷത്തിന് ശേഷവും കിലുക്കം സിനിമയ്ക്ക് ഇന്നും പ്രേക്ഷകര്‍ നിരവധിയാണ്. 1991 മാര്‍ച്ച് 15ന് പുറത്തിറങ്ങിയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം അന്നത്തെ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കിലുക്കം നേടിയ യഥാര്‍ത്ഥ കണക്ക് വെളിപ്പെടുത്തുകയാണ് നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു പ്രതികരണം.

അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ പടമായിരുന്നു കിലുക്കം. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍ 60 ലക്ഷം രൂപയായിരുന്നു ചെലവായതെന്ന് നിര്‍മ്മാതാവ് പറയുന്നു. അതിന് മുമ്പ് താന്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ സിനിമ മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത അയ്യര്‍ ദ ഗ്രേറ്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'അയ്യര്‍ ദ ഗ്രേറ്റിന് 50 ലക്ഷം രൂപയായിരുന്നു ചെലവെങ്കില്‍ കിലുക്കത്തിന്റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍ ആകെ ചെലവായത് 60 ലക്ഷമായിരുന്നു. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന കാലമാണ്. ചെലവേറിയ പടമാണ്, ഇത് എങ്ങനെ മുതലാകുമെന്ന് പ്രിവ്യൂ കണ്ടതിന് ശേഷം പ്രിയദര്‍ശനോട് ചോദിച്ചു. കുറെ തമാശയുണ്ടെന്നല്ലാതെ കഥ എന്നൊന്നും കണ്ടില്ലെന്നും പ്രിയനോട് പറഞ്ഞു. പക്ഷെ പ്രിയന്റെ കോണ്‍ഫിഡന്‍സ് സമ്മതിക്കാതെ പറ്റില്ല.'

'ഒരു കോടി രൂപയ്ക്കുമേല്‍ ചിത്രം കളക്റ്റ് ചെയ്താല്‍ മറ്റു ഭാഷകളിലേക്കുള്ള റൈറ്റ്‌സ് എനിക്ക് തരുമോ എന്ന് പ്രിയന്‍ ചോദിച്ചു. അന്നൊക്കെ പ്രിയദര്‍ശന്റെയൊക്കെ ശമ്പളം 50,000, 60,000 ഒക്കെയാണ്. അന്ന് എന്റെ ഒരു സിനിമയും ഒരു കോടി കളക്റ്റ് ചെയ്തിട്ടില്ല. മലയാള സിനിമയ്ക്ക് അത്രയും കളക്ഷന്‍ വരും എന്ന കാര്യം തന്നെ എനിക്ക് അറിയില്ലായിരുന്നു. ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ വരുകയാണെങ്കില്‍ എല്ലാ റൈറ്റ്‌സും നീ എടുത്തോ എന്ന് പ്രിയനോട് പറഞ്ഞു. സിനിമ അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്തു. മലയാളത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ബ്രേക്ക് ചെയ്തു കിലുക്കം. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്‌സ് വിറ്റ് പ്രിയന്‍ അന്നത്തെ കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്റെ റെക്കോര്‍ഡ് ആയിരുന്നു', നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in