'ട്രൂലീ റിമാർക്കബിൾ'; ഓസ്കാർ നോമിനേറ്റഡ് ഡോക്യുമെന്ററി 'ടു കിൽ എ ടെെ​ഗറിന്റെ' ട്രെയ്ലർ പങ്കുവച്ച് പ്രിയങ്ക ചോപ്ര

'ട്രൂലീ റിമാർക്കബിൾ'; ഓസ്കാർ നോമിനേറ്റഡ് ഡോക്യുമെന്ററി 'ടു കിൽ എ ടെെ​ഗറിന്റെ' ട്രെയ്ലർ പങ്കുവച്ച് പ്രിയങ്ക ചോപ്ര
Published on

മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കാർ നാമനിർദേശം ലഭിച്ച ഡോക്യുമെന്ററി 'ടു കിൽ എ ടെെ​ഗറിന്റെ' ട്രെയ്ലർ പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിനെ ആസ്പദമാക്കി ഇന്ത്യൻ-കനേഡിയൻ ചലച്ചിത്ര നിർമ്മാതാവ് നിഷ പഹുജ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് 'ടു കിൽ എ ടെെ​ഗർ'. കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നടി പ്രിയങ്ക ചോപ്ര ജോയിൻ ചെയ്ത വിവരം അന്താരാഷ്ട്ര മാധ്യമമായ ഡെഡ്ലെെൻ പുറത്തുവിട്ടത്. പ്രിയങ്ക ചോപ്രയ്ക്കൊപ്പം നടൻ ദേവ് പട്ടേലും മിൻഡി കാലിംഗും ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. ഡോക്യുമെന്ററിയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്. അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട 'ടു കിൽ എ ടെെ​ഗർ' എന്ന ഡോക്യുമെൻ്ററിയുടെ അവിശ്വസനീയമായ ടീമിൽ ചേരുന്നതിലും നിഷ പഹുജ സംവിധാനം ചെയ്ത ഈ ശക്തമായ ഫീച്ചറിൻ്റെ ആഗോള വിതരണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്ന് പ്രഖ്യാപിക്കാൻ കഴിയുന്നതിലും ഞാൻ അഭിമാനിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിൽ പ്രിയങ്ക ചോപ്ര അറിയിച്ചത്.

2022-ൽ ആദ്യമായി ഈ ഡോക്യുമെന്ററി കണ്ടപ്പോൾ താൻ തകർന്നു പോയി എന്ന് പ്രിയങ്ക പറയുന്നു. തന്റെ മകളോടുള്ള ഒരു അച്ഛന്റെ അതിരുകളില്ലാത്ത സ്നേഹത്തിൻ്റെയും ആർക്ക് മുന്നിലും വഴങ്ങാത്ത നിശ്ചയദാർഢ്യത്തിൻ്റെയും തെളിവാണ് ഈ ഡോക്യുമെന്ററി.ഹൃദയത്തെ തകർക്കുന്ന ഈ കലാസൃഷ്ടി നിങ്ങളെ പല തലങ്ങളിൽ മുറിപ്പെടുത്തുമെന്നും പ്രിയങ്ക പറയുന്നു. ഞാൻ ജാർഖണ്ഡിൽ ജനിച്ചയാളാണ്. ( അതിജീവതയും അവളുടെ അച്ഛനും അവിടെ നിന്നാണ്) എന്നും എന്റെ ചാമ്പ്യനായിരുന്ന ഒരു അച്ഛന്റെ മകൾ എന്ന നിലയിൽ ഞാൻ തകർന്നു പോയി. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇത് കാണുന്നത് കാത്തിരിക്കുകയാണ് ഞാൻ. പ്രിയങ്ക കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ എഴുതി. ലൈംഗികാതിക്രമത്തെ അതിജീവിച്ച തൻ്റെ മകൾക്ക് നീതിക്കുവേണ്ടിയുള്ള പിതാവിൻ്റെ അചഞ്ചലമായ അന്വേഷണമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

പാം സ്പ്രിംഗ്‌സ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെൻ്ററി, ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആംപ്ലിഫൈ വോയ്‌സ് അവാർഡ്, കനേഡിയൻ സ്ക്രീൻ അവാർഡ്സിലെ മികച്ച ഫീച്ചർ ഡോക്യുമെന്ററി പ്രെെസ് തുടങ്ങി രണ്ട് ഡസണിലധികം അവാർഡുകൾ നേടിയ ഡോക്യുമെന്ററിയാണ് നിഷ പഹൂജയുടെ ടു കിൽ എ ടെെ​ഗർ.

Related Stories

No stories found.
logo
The Cue
www.thecue.in