മിന്നല്‍ മുരളി ഒരു സാധാരണ സൂപ്പര്‍ ഹീറോ സിനിമയല്ല: പ്രിയങ്ക ചോപ്ര

മിന്നല്‍ മുരളി ഒരു സാധാരണ സൂപ്പര്‍ ഹീറോ സിനിമയല്ല: പ്രിയങ്ക ചോപ്ര
Published on

ടൊവിനോ തോമസിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി റിലീസ് പ്രഖ്യാപന സമയം മുതല്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തിന് പുറത്തും പ്രേക്ഷകര്‍ സിനിമക്കായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മിന്നല്‍ മുരളി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലിലൂടെ വേള്‍ഡ് പ്രിമിയറിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 16നാണ് ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. വേള്‍ഡ് പ്രീമിയറിന്റെ ഭാഗമായ ഫിലിം ഫസ്റ്റിവല്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മിന്നല്‍ മുരളിയെ കുറിച്ച് സംസാരിച്ചിരുന്നു.

മിന്നല്‍ മുരളി സാധാരണ സൂപ്പര്‍ ഹീറോ സിനിമകളെ പോലെയല്ലെന്നാണ് പ്രിയങ്ക ചോപ്ര അഭിപ്രായപ്പെട്ടത്. ചിത്രത്തിലൂടെ സൂപ്പര്‍ ഹീറോ എലമെന്റിന് പുറമെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കഥയാണ് ബേസില്‍ ജോസഫ് പറഞ്ഞിരിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. അതോടൊപ്പം മലയാള സിനിമ ലോകപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതിനെ കുറിച്ചും പ്രിയങ്ക ചോപ്ര സംസാരിച്ചു.

പ്രിയങ്ക ചോപ്ര പറഞ്ഞത്:

എല്ലാവരും മിന്നല്‍ മുരളിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. മലയാള സിനിമയും ഇപ്പോള്‍ വളരെ അധികം ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന സമയമാണ്. വൈറസ്, ദൃശ്യം പോലുള്ള സിനിമകള്‍ വളരെ അധികം ചര്‍ച്ചയായവുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സബ്‌ടൈറ്റില്‍ സിനിമകള്‍ കാണുന്നു. പല സംസ്‌കാരങ്ങളെ കുറിച്ചും ഭാഷയെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചുമെല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് താത്പര്യമുണ്ട്. മിന്നല്‍ മുരളിയെ കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ് എന്നതാണ്. അതുപോലെ തന്നെ വളരെ സാധാരണക്കാരനായൊരു വ്യക്തിയാണ് നായകന്‍. സിനിമയില്‍ വിഎഫ്ക്‌സെല്ലാം മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും സാധാരണ സൂപ്പര്‍ ഹീറോ സിനിമയല്ല മിന്നല്‍ മുരളി. മറിച്ച് സാധാരണക്കാരനായ കഠിനാധ്വാനിയായ ഒരാളുടെ കഥയാണ്.

ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകപ്രേക്ഷകരിലേക്ക് എത്തുന്നത്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.

Related Stories

No stories found.
logo
The Cue
www.thecue.in