ആദ്യമായി തന്റെ കയ്യിൽ ക്ലാപ്പ് എടുത്ത് തന്നത് സംവിധായകൻ ഫാസിലാണ് എന്ന് പ്രിയദർശൻ. പണ്ടൊക്കെ ഒരു സംവിധായകൻ അസിസ്റ്റന്റിനെ ശിഷ്യനായി സ്വീകരിക്കുന്നതിന്റെ ആദ്യത്തെ ഘട്ടമാണ് ക്ലാപ്പ് ബോർഡ് കയ്യിൽ കൊടുക്കുക എന്നും തന്റെ കാര്യത്തിൽ അത് ഫാസിലിന് അറിയാതെ തന്നെ സംഭവിച്ചിട്ടുണ്ട് എന്നും പ്രിയദർശൻ പറയുന്നു. മഞ്ഞിൽ വിരഞ്ഞ പൂക്കളുടെ സെറ്റിൽ വച്ചാണ് അത് സംഭവിച്ചത് എന്നും അവിടെ വച്ചാണ് ജിജോയ്ക്ക് തന്നെ മോഹൻലാൽ പരിചയപ്പെടുത്തിക്കൊടുത്തത് എന്നും പ്രിയദർശൻ പറയുന്നു. അന്ന തന്റെ കയ്യിലുണ്ടായിരുന്നു തടി എന്നൊകരു കഥ സിനിമയാക്കാൻ ജിജോയും സിബിയും താനും ചേർന്ന് ചർച്ച ചെയ്തിരുന്നു എന്നും ആ സിനിമയാണ് പിന്നീട് അദ്വൈതം എന്ന സിനിമയായി താൻ ചെയ്തത് എന്നും പ്രിയദർശൻ ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രിയദർശൻ പറഞ്ഞത്:
ലാലിന്റെ കൂടെ മഞ്ഞിൽ വിരഞ്ഞ പൂക്കൾ ലാസ്റ്റ് ഷെഡ്യൂൾ ഷൂട്ടിംഗ് കാണാൻ പോയതാണ് ഞാൻ. കടപ്പുറത്ത് ഒരു ടവറിന് അടുത്താണ് ഷൂട്ടിംഗ്. ലൈറ്റ് ഇങ്ങനെ പോയ്ക്കൊണ്ടിരിക്കുകയാണ്. ഞാൻ ഷുട്ടിംഗ് കാണാൻ വേണ്ടി നിൽക്കുകയാണ്. ചുറ്റിനും ഇരുട്ടാണ്. ഈ ഇരുട്ട് സമയത്ത് ക്ലാപ്പ് കൊടുക്ക് എന്ന് പറഞ്ഞു അശോക് കുമാർ. ഫാസിൽ പെട്ടന്ന് അസിസ്റ്റന്റാണെന്ന് കരുതി ക്ലാപ്പ് ബോർഡ് എടുത്ത് എനിക്ക് തന്നു. അതിന് ശേഷം അസിസ്റ്റന്റ് വന്ന് എന്റെ കയ്യിൽ നിന്നും അത് വാങ്ങിക്കൊണ്ടു പോയി. പക്ഷേ ഞാൻ ഇപ്പോഴും അതിനെ ഒരു നിമിത്തമായാണ് കരുതുന്നത്. ഒരു മാനസഗുരു എന്ന് വേണമെങ്കിൽ പറയാം. എന്റെ കയ്യിൽ ആദ്യമായിട്ട് ക്ലാപ്പ് എടുത്ത് തരുന്നത് ഫാസിലാണ്. പണ്ട് അങ്ങനെയാണ്. ഏതെങ്കിലും ഒരു സിനിമയിൽ നമ്മൾ അസിസ്റ്റന്റായി വന്നാൽ ഡയക്ടർ ക്ലാപ്പ് എടുത്തു തരുന്നതാണ് അയാളെ ഡയറക്ടർ ശിഷ്യനാക്കി മാറ്റുന്നതിന്റെ ആദ്യത്തെ പ്രോസസ്സ് എന്ന് പറയുന്നത്. പക്ഷേ എന്റെ കാര്യത്തിൽ അത് അറിയാതെ സംഭവിച്ചു. പക്ഷേ അതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി അവിടുന്ന് പോകുന്നതിന് മുമ്പ് തന്നെ ലാൽ എന്നെ ജിജോയ്ക്ക് പരിചയപ്പെടുത്തി. പിന്നീട് സിബിയും ജിജോയും ഞാനും കൂടി ചേർന്ന് എന്റെ കയ്യിലുണ്ടായിരുന്നു തടി എന്നൊരു കഥ സിനിമയാക്കാൻ ചർച്ച ചെയ്യുകയും ചെയ്തു. പിന്നീട് ഞങ്ങൾ അത് വിട്ടു. ആ കഥ പിന്നീട് ഞാൻ അദ്വൈതം എന്നൊരു സിനിമയായി എടുക്കുകയും ചെയ്തു.