'നീ എന്നുമുണ്ടാകുമോ എന്റെ കൂടെ?'; മരക്കാറിലെ നെടുമുടി വേണുവിന്റെ ഡയലോഗ് വെളിപ്പെടുത്തി പ്രിയദര്‍ശന്‍

'നീ എന്നുമുണ്ടാകുമോ എന്റെ കൂടെ?'; മരക്കാറിലെ നെടുമുടി വേണുവിന്റെ ഡയലോഗ് വെളിപ്പെടുത്തി പ്രിയദര്‍ശന്‍
Published on

മോഹന്‍ലാലിനെയും നെടുമുടി വേണുവിനെയും അവസാനമായി ഷൂട്ട് ചെയ്ത നിമിഷത്തെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. 'നീ എന്നുമുണ്ടാകുമോ എന്റെ കൂടെ' എന്നാണ് താന്‍ ഷൂട്ട് ചെയ്ത ഇരുവരും തമ്മിലുള്ള അവസാന ഡയലോഗെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിനെയും നെടുമുടി വേണുവിനെയും ഒരുമിച്ച് അവസാനമായി ഷൂട്ട് ചെയ്തത്.

'മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു നെടുമുടി വേണു. അത്രയ്ക്ക് സ്‌നേഹമായിരുന്നു അവര്‍തമ്മില്‍. 'നീ എന്നുമുണ്ടാകുമോ എന്റെ കൂടെ' ഇതായിരുന്നു ഇരുവരും തമ്മിലുള്ള അവസാനത്തെ ഡയലോഗായി ഞാന്‍ ഷൂട്ട് ചെയ്തത്'; പ്രിയദര്‍ശന്‍

നെടുമുടി വേണു എന്ന അതുല്യ പ്രതിഭയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തത് ക്രൂരതയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഓരോ സിനിമയിലെ കഥാപാത്രത്തിനായും അദ്ദേഹം പല രീതിയില്‍ രൂപാന്തരപ്പെടും. ഇത്രയും വ്യത്യസ്ത മുഖങ്ങളോടെ അഭിനയിച്ച ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു.

പ്രിയദര്‍ശന്റെ വാക്കുകള്‍: 'വേണുച്ചേട്ടന്‍ എന്ന് പറയുന്ന വ്യക്തിക്ക് എന്റെ താളവട്ടം, തേന്‍മാവിന്‍ കൊമ്പത്ത് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ നമുക്ക് സങ്കടം വരുന്ന കാര്യം എന്താണെന്നാല്‍ ഇന്ത്യ കണ്ട് പത്ത് മികച്ച നടന്‍മാരെ എടുത്താല്‍ അതില്‍ ഒരാളാണ് നെടുമുടി വേണു. പക്ഷെ അദ്ദേഹത്തിന് ഒരു ദേശീയ പുരസ്‌കാരം ലഭിച്ചില്ല എന്നത് വലിയൊരു ക്രൂരതയായി എനിക്ക് തോന്നാറുണ്ട്. ഇത്രയും വര്‍ഷത്തിനിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. വേണുച്ചേട്ടനെ വെച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ ഞാനാണ്. 38 വര്‍ഷം 33 സിനിമയോളം ഞാന്‍ ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞാല്‍ ഭരതേട്ടനാണ് ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളത്.

ഞാന്‍ ഈ 33 സിനിമകളിലും പിന്നെ എന്റേതല്ലാത്ത സിനിമകളിലും നെടുമുടി വേണുവിനെ കാണുന്നത് എങ്ങിനെയാണെന്ന് വെച്ചാല്‍, ഒരേ വേണുച്ചേട്ടന്‍ പല രീതിയില്‍ രൂപാന്തരപ്പെടും. ഇത്രയും വ്യത്യസ്ത മുഖങ്ങളോടെ അഭിനയിച്ച ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in