ചിത്രത്തിലെ നെടുമുടി വേണുവിന്റെ മൃദംഗം വായിച്ചുള്ള അഭിനയം കണ്ട് സംഗീത സംവിധായകന്‍ ഇളയരാജ അത്ഭുതത്തോടെ ചോദിച്ച കാര്യങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍. ഒരു മൃദംഗവാദകനെ പിടിച്ച് ഇത്ര നന്നായി അഭിനയിപ്പിച്ചോ എന്നാണ് ഇളയരാജ ചോദിച്ചതെന്ന് പ്രിയദര്‍ശന്‍ ന്യൂസ് 18നില്‍ നടന്ന ചര്‍ച്ചയില്‍ പങ്കുവെച്ചു. വെറുതെ അഭിനയിക്കാന്‍ മാത്രം വന്ന നടനല്ല നെടുമുടി വേണു. വളരെ ശക്തമായ അടിത്തറയുള്ള നടനായിരുന്നു നെടുമുടി വേണു എന്നും പ്രിയദര്‍ശന്‍ പറയുന്നു.
ഒരുപാട് സിനിമകള്‍ക്ക് സംസ്ഥാന പുരസ്‌കാരം അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അ്‌ദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നത് വലിയ ക്രൂരതയാണ്. ഓരോ സിനിമകളിലും അദ്ദേഹം പല രീതിയില്‍ രൂപാന്തരപ്പെടും. ഇത്രയും വ്യത്യസ്ത മുഖങ്ങളോടെ അഭിനയിച്ച ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു.
പ്രിയദര്‍ശന്‍ പറഞ്ഞത്: 'വേണുച്ചേട്ടന്‍ എന്ന് പറയുന്ന വ്യക്തിക്ക് എന്റെ താളവട്ടം, തേന്‍മാവിന്‍ കൊമ്പത്ത് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ നമുക്ക് സങ്കടം വരുന്ന കാര്യം എന്താണെന്നാല്‍ ഇന്ത്യ കണ്ട് പത്ത് മികച്ച നടന്‍മാരെ എടുത്താല്‍ അതില്‍ ഒരാളാണ് നെടുമുടി വേണു. പക്ഷെ അദ്ദേഹത്തിന് ഒരു ദേശീയ പുരസ്‌കാരം ലഭിച്ചില്ല എന്നത് വലിയൊരു ക്രൂരതയായി എനിക്ക് തോന്നാറുണ്ട്. ഇത്രയും വര്‍ഷത്തിനിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. വേണുച്ചേട്ടനെ വെച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ ഞാനാണ്. 38 വര്‍ഷം 33 സിനിമയോളം ഞാന്‍ ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞാല്‍ ഭരതേട്ടനാണ് ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളത്.
ഞാന്‍ ഈ 33 സിനിമകളിലും പിന്നെ എന്റേതല്ലാത്ത സിനിമകളിലും നെടുമുടി വേണുവിനെ കാണുന്നത് എങ്ങിനെയാണെന്ന് വെച്ചാല്‍, ഒരേ വേണുച്ചേട്ടന്‍ പല രീതിയില്‍ രൂപാന്തരപ്പെടും. ഇത്രയും വ്യത്യസ്ത മുഖങ്ങളോടെ അഭിനയിച്ച ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പൂച്ചക്കൊരു മൂക്കുത്തി എന്നതകരയില്‍ അഭിനയിച്ച വേണുച്ചേട്ടനാണ് കള്ളന്‍ പവിത്രനില്‍ അഭിനയിച്ചത് എന്ന് പറഞ്ഞാല്‍ വിശ്വാസം വരില്ല. സിനിമയില്‍ അദ്ദേഹം ഒരു ആക്‌സെന്റ് ഉപയോഗിച്ചിട്ടുണ്ട്. പിന്നെയും അത് മറ്റ് സിനിമകളില്‍ ഉപയോഗിക്കാന്‍ വേണുച്ചേട്ടനോട് പറഞ്ഞപ്പോള്‍ അത് ആ സിനിമയുടെ ഭാഗമായി. ഇനി അത് വേണ്ട എന്നാണ്. അതുപോലെ ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ഒരുപാട് വിളിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. 'എന്റെ ഭാഷ എന്റെ നാക്കില്‍ ഒതുങ്ങിയില്ലെങ്കില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ല' എന്നാണ് വേണുച്ചേട്ടന്‍ പറഞ്ഞത്.
പിന്നെ നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ചെയ്ത സമ്മര്‍ ഓഫ് 92 എന്ന സിനിമയിലേക്ക് ഞാന്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍, 'വരാന്‍ വയ്യ ആരോഗ്യമില്ലെന്നാണ് പറഞ്ഞത്'. പക്ഷെ ഞാന്‍ രണ്ട് ദിവസത്തേക്ക് വരാന്‍ പറഞ്ഞപ്പോള്‍ നീ പറയുന്നത് കൊണ്ട് വരാമെന്ന് പറഞ്ഞാണ് ആ സിനിമയില്‍ അഭിനയിച്ചത്.
ഒരിക്കല്‍ ചിത്രം എന്ന സിനിമ കണ്ടിട്ട് ഇളയരാജ എന്നോട് ചോദിച്ചു, നിങ്ങളൊരു മൃദംഗവാദകനെ പിടിച്ച് ഇത്രയും നന്നായി അഭിനയിപ്പിച്ചോ എന്ന്. അപ്പോ ഞാന്‍ പറഞ്ഞു ഇല്ല സര്‍ അദ്ദേഹം നടനാണ്. അന്ന് അദ്ദേഹം പറഞ്ഞത് ലോകത്ത് ഒരു മനുഷ്യനും ഒരു മൃദംഗം വായിച്ചുകൊണ്ട് പാട്ട് പാടാന്‍ കഴിയില്ലെന്നാണ്. ഒരു നടന് മാത്രമെ അതിന് സാധിക്കു. പക്ഷെ വേണുച്ചേട്ടന്‍ നന്നായി മൃദംഗം വായിക്കുന്നയാളാണ്. അതിന് പുറമെ കവിത, നാടന്‍പാട്ട്, അത്യാവശ്യം സംസ്‌കൃതം അങ്ങനെ ഒരുപാട് അറിവുള്ള വ്യക്തികൂടിയാണ്. അല്ലാതെ അദ്ദേഹം വെറുതെ അഭിനയിക്കാന്‍ വന്നൊരു ആളല്ല. വളരെ ശക്തമായൊരു അടിത്തറയുള്ളൊരു നടനാണ് വേണുച്ചേട്ടന്‍.'