വലിയ കാന്‍വാസില്‍ സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാനാവില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ തനിക്ക് പ്രചോദനവും പ്രേരണയും ആയത് മോഹന്‍ലാലാണ്. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത് എളുപ്പമായിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'ഒരു ബിഗ് കാന്‍വാസില്‍ സിനിമ ഒരുക്കുമ്പോള്‍ എനിക്ക് മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാനാവില്ല. ഒരു നടന്‍ സംവിധായകന്‍ എന്നതില്‍ ഉപരി ഞങ്ങള്‍ തമ്മില്‍ വലിയൊരു സുഹൃത്ത്ബന്ധമുണ്ട്. സിനിമ സംവിധാനം ചെയ്യാന്‍ എന്ന പ്രേരിപ്പിച്ചത് മോഹന്‍ലാലാണ്. മലയാളം സിനിമ പോലെ ഒരു ചെറിയ സിനിമ മേഖലയില്‍ നിന്ന് ഇത്തരം ഒരു വലിയ ചിത്രം നിര്‍മ്മിക്കുക എളുപ്പമായിരുന്നില്ല. ആരും ഇതുവരെ ചെയ്യാത്ത കാര്യമാണത്. ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്ക് ഒരുപാട് നന്ദി. എങ്കിലും ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. പക്ഷെ ഈ സിനിമ ചെയ്ത് കൊണ്ട് മോഹന്‍ലാല്‍ വലിയൊരു റിസ്‌ക് തന്നെയാണ് ഏറ്റെടുത്തത്. ഇതുപോലെ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ കാലാപാനി ചെയ്തത്. ഇപ്പോള്‍ മരക്കാറും ചെയ്തു. ഇതെല്ലാം ഒരു പരിശ്രമമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' - എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.
അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. ഡിസംബര്‍ 2നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ഡിസംബര്‍ 17ന് ചിത്രം ആമസോണില്‍ പുറത്തിറങ്ങുമെന്ന് കരാറിലാണ് തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അന്തരിച്ച നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. 2021 ഒക്ടോബറില്‍ നടന്ന 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.