മരക്കാർ അറബിക്കടലിന്റെ സിംഹത്തെ ബാഹുബലിയുമായല്ല താരതമ്യം ചെയേണ്ടതെന്ന് സംവിധായകൻ പ്രിയദർശൻ. ബാഹുബലിയെപ്പോലെ വലിയ ബജറ്റും സമയവും തങ്ങള്‍ക്കില്ലായിരുന്നെന്നും ഞങ്ങളുടെ എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തില്‍ പ്രിയദർശൻ പറഞ്ഞു. ഒറ്റ ഷെഡ്യൂളിൽ സിനിമയുടെ ചിത്രീകരണം അവസാനിപ്പിച്ചത് ബഡ്ജറ്റ് നീണ്ടു പോകുമെന്ന കാരണത്താലാണെന്നും പ്രിയദർശൻ കൂട്ടിച്ചേര്‍ത്തു.
പ്രിയദർശന്റെ വാക്കുകൾ:
"മറ്റെന്തിനേക്കാളും ബജറ്റിനെക്കുറിച്ചുള്ള സമ്മർദത്തിലായിരുന്നു ഞാൻ. ബാഹുബലി പോലെയല്ല, അവർക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരു ഷൂസ്ട്രിംഗ് ബജറ്റ് ഉണ്ട്, ഞങ്ങളുടെ എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു. ധൃതിയുള്ളതുകൊണ്ടല്ല ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം തീർത്തത്, മറിച്ച് ഒന്നിൽ കൂടുതൽ ഷെഡ്യൂളുകളായാൽ സിനിമക്ക് താങ്ങാവുന്നതിലും വലിയ ബജറ്റാകും എന്നതുകൊണ്ടാണ്. ഒന്നിച്ച് നിന്ന് എല്ലാവരും പ്രവർത്തിച്ചതുകൊണ്ട് ഒറ്റ ഷെഡ്യൂളിൽ തന്നെ ചിത്രീകരണം തീർക്കാൻ സാധിച്ചു. എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമകൾ ഒരുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ഉദാഹരണത്തിന് എന്റെ ആക്ഷൻ സിനിമകളായ അഭിമന്യുവും അദ്വൈതവും നോക്കിയാൽ നായകന്മാർ ജീവിതത്തിൽ തോറ്റു പോയവരാണ്.
യാഥാർഥ്യവുമായി എന്റെ സിനിമകളെ ചേർത്തു നിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ചെയ്യുന്ന സിനിമകളിൽ മാസ് ചേരുവകൾക്ക് ഒരു പരിധിയുണ്ട്. ഞാൻ സിനിമയൊരുക്കുന്നത് എങ്ങനെയാണെന്ന് മോഹൻലാൽ ചോദിക്കാറില്ല. അതുകൊണ്ടുതന്നെ സംവിധായകൻ എന്ന രീതിയിൽ എനിക്കുള്ള ഉത്തരവാദിത്തങ്ങൾ കൂടുതലാണ്."
ഡിസംബർ 2ന് റിലീസ് ചെയ്ത മരക്കാർ 15 ദിവസങ്ങൾക്ക് ശേഷം ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാലിനെക്കൂടാതെ, നെടുമുടി വേണു, അർജുൻ, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.