ഹിന്ദി വെബ് സീരീസില്‍ ഇന്ത്യന്‍ വ്യവസായി രാജന്‍ പിള്ളയായി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഇന്ത്യയുടെ ബിസ്‌കറ്റ് കിങ്ങായ രാജന്‍ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. കേന്ദ്ര കഥാപാത്രത്തിന് പുറമെ വെബ് സീരീസ് സംവിധാനം ചെയ്യുന്നതും പൃഥ്വിരാജാണ്.
രാജന്‍ പിള്ള ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസിന്റെ ഉടമകളില്‍ ഒരാളായിരുന്നു. സിംഗപ്പൂര്‍ കോമേഷ്യല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തിനെതിരെ തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് തീഹാര്‍ ജയിലിലായിരുന്ന അദ്ദേഹം 1995ല്‍ കസ്റ്റഡിയിലിരക്കെ മരണപ്പെടുകയായിരുന്നു.
സീരീസിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്:
'ഒരു നടനും സംവിധായകനും എന്ന നിലയില്‍ മനുഷ്യ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ കഥയില്‍ അതെല്ലാമുണ്ട്. വിജയവും, പരാജയവും ഒരുപോലെ പറഞ്ഞുവെക്കുന്ന കഥ. ബിസനസ് വിജയത്തിന്റെ ഉന്നതിയില്‍ നിന്ന് ഒരു മനുഷ്യനെ ഒരു ജയില്‍ മുറിയുടെ അന്ധകാരത്തിലേക്ക് എത്തിച്ച കഥ. അതെല്ലാം സംഭവിച്ചത് അദ്ദേഹത്തിന്റെ 47-ാം വയസിലും. രാജന്‍ പിള്ള മരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കഥ പുതിയ കാലഘട്ടത്തിലുള്ളവര്‍ക്ക് ഒരു പാഠമാണ്. അദ്ദേഹത്തിന്റെ കൗതുകകരവും സങ്കീര്‍ണ്ണവുമായ ജീവിതം വീണ്ടും ജീവിക്കാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.'
അതേസമയം സാരിഗമയുടെ യൂഡ്‌ലീ ഫിലിംസാണ് സീരീസിന്റെ നിര്‍മ്മാതാക്കള്‍. 2022ലാണ് ചിത്രീകരണം ആരംഭിക്കുന്നത്.