'അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്തുചെയ്യുമെന്ന് ആലോചിച്ചു'; ഞാൻ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയെന്ന് പൃഥ്വിരാജ്

'അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്തുചെയ്യുമെന്ന് ആലോചിച്ചു'; ഞാൻ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയെന്ന് പൃഥ്വിരാജ്
Published on

തിരുവനന്തപുരത്ത് നടന്ന മല്ലികാ വസന്തം@50 എന്ന പരിപാടിയില്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മകൾ പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. അച്ഛന്‍ മരിച്ച സമയത്ത് അമ്മ എന്ത് ചെയ്യുമെന്ന് താന്‍ ആശങ്കപ്പെട്ടിരുന്നെന്നും അമ്മ എന്തു ചെയ്തുവെന്നതിന്റെ ഉത്തരമാണ് തങ്ങള്‍ രണ്ടുപേരെന്നും പൃഥ്വിരാജ് പറഞ്ഞു. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കാനും, ചിത്രം സംവിധാനം ചെയ്യാനും പറ്റിയ മകനാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകൾ :

സ്വന്തം കര്‍മമേഖലയില്‍ 50 വര്‍ഷം സജീവമായി പ്രവര്‍ത്തിക്കുകയെന്നത് വളരെ ചുരുക്കം ചിലയാളുകള്‍ക്ക് ലഭിക്കുന്ന അത്യപൂര്‍വ ഭാഗ്യമാണ്, പ്രത്യേകിച്ചും സിനിമയില്‍. അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും എനിക്ക് പറ്റിയിട്ടുണ്ട്. ഇത് മൂന്നും ചെയ്യാന്‍ പറ്റിയ എത്ര മക്കളുണ്ടെന്ന് എനിക്ക് അറിയില്ല. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അമ്മയാണ് കുടുബത്തിലെ ഏറ്റവും കഴിവുള്ള കലാകാരി. ഇനിയും അമ്മയ്ക്ക് കുറെകാര്യങ്ങള്‍ സിനിമയില്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. കലാകാരിയെന്ന നിലയില്‍ അമ്മയെക്കുറിച്ച് സംസാരിക്കാനുള്ള ജ്ഞാനം എനിക്കില്ല.

ഒരു അമ്മയെന്ന നിലയ്ക്ക്, സ്ത്രീയെന്ന നിലയ്ക്ക് ഞാന്‍ 40-45 വര്‍ഷമായി കാണുന്ന ഒരാളാണ്. ഞാനെന്റെ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മ. അച്ഛന്‍ മരിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലും, ചേട്ടനും ഞാനും അച്ഛന്റെ കൂടെ ആംബുലന്‍സിലുമായിരുന്നു. അന്ന് ഞാന്‍ ആലോചിച്ചിരുന്നു അമ്മയെന്ത് ചെയ്യുമെന്ന്. അമ്മ എന്ത് ചെയ്തുവെന്നതിന്റെ ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നില്‍ക്കുന്ന ഞാനും.

മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മല്ലികാ സുകുമാരനെ ആദരിക്കാന്‍ വേണ്ടി നടത്തിയ പരിപാടിയിലാണ് അമ്മയുടെ അനുഭവങ്ങളെക്കുറിച്ചും, അമ്മയെക്കുറിച്ചുള്ള അഭിമാനത്തിലും പൃഥ്വിരാജ് വാചാലനായത്. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയില്‍ ഡോ എം വി പിള്ള, ബിജു പ്രഭാകര്‍ ഐഎഎസ്, ഇന്ദ്രന്‍സ്, മണിയന്‍ പിള്ള രാജു, എം ജയചന്ദ്രന്‍, അഡ്വ ശങ്കരന്‍ കുട്ടി, ഡോ. ഭീമാ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍ സ്വാഗതവും, സെക്രട്ടറി ജ്യോതി കുമാര്‍ ചാമക്കാല നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in