എമ്പുരാന്റെ ഇരുപത് ശതമാനം മാത്രമാണ് ഇതുവരെ ഷൂട്ട് ചെയ്ത് കഴിഞ്ഞത് എന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. എമ്പൂരാന്റെ യുകെയിലും യുഎസിലുമുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്ത് കഴിഞ്ഞുവെന്നും ഇനി ഷൂട്ട് ചെയ്യാനുള്ള ഭാഗങ്ങൾ യുഎഇയിലും ഇന്ത്യയിലുമാണെന്നും പൃഥ്വിരാജ് പറഞ്ഞു. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ലൂസിഫറിന്റെ ഒരു സീക്വൽ ആണോ ഞാൻ സംവിധാനം ചെയ്യുന്നതെന്ന് എനിക്കുറപ്പില്ലെന്നും മോഹൻലാലിന്റെ മുണ്ട് മടക്കി കുത്തിയുള്ള അടിയൊന്നും ചിത്രത്തിൽ ഉണ്ടാവില്ലെന്നും പൃഥ്വിരാജ് സുകുമാരൻ ഫിലിം കംമ്പാനിയനോട് സംസാരിക്കവേ പറഞ്ഞു.
പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്:
എമ്പുരാൻ ഒരു കോമേഷ്യൽ സിനിമയാണ്. ഇന്ത്യയ്ക്ക് പുറത്ത് ഞാൻ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനുകൾ എന്റെ കൺട്രോളിലല്ല. മറ്റ് രാജ്യങ്ങളിൽ ലോക്കൽ കൗൺസിലിന്റെ ഗവൺമെന്റ് പെർമിഷനുകൾ കാലവസ്ഥ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണത്. അതുകൊണ്ട് തന്നെ അവിടുത്തെ പോർഷൻ ആദ്യം തീർക്കണമെന്നായിരുന്നു എനിക്ക്. ഇനി ബാക്കിയുള്ള വിദേശ ലൊക്കേഷൻ യു.എ.ഇ യാണ്. അത് സമ്മറിന് ശേഷം ഷൂട്ട് ചെയ്യും. യു.കെ.യിലും യു.എസിലും ഷൂട്ട് ചെയ്യാനുള്ള ഭാഗങ്ങൾ കഴിഞ്ഞു. ഇനി ഇന്ത്യയിൽ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങൾ ബാക്കിയുണ്ട്. ഇതുവരെ ഏകദേശം 20 ശതമാനം ഷൂട്ട് മാത്രമേ തീർന്നിട്ടുള്ളൂ. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ലൂസിഫറിന്റെ സീക്വൽ അല്ല ഞാൻ സംവിധാനം ചെയ്യുന്നത്. മോഹൻലാൽ മുണ്ടും മടക്കിക്കുത്തി ഒരു അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ അടിച്ചിടുന്നതൊന്നും ഈ സിനിമയിൽ ഉണ്ടാകില്ല. അങ്ങനെയൊരു സിനിമയല്ല എമ്പുരാൻ.
മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. എമ്പുരാന്‍ ഒരു മലയാള സിനിമയായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് നടന്‍ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് മുമ്പ് പറഞ്ഞത്. ആശിർവാദ് സിനിമാസിനൊപ്പം പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.