കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് അനുഗ്രഹമായെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സിനിമ തിയറ്ററില്‍ തന്നെ കാണേണ്ട മാധ്യമമാണ്, പക്ഷെ മഹാമാരിയുടെ സമയത്ത് സിനിമാമേഖലയ്ക്ക് നിലനില്‍പ്പുണ്ടായത് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ ഉള്ളത് കൊണ്ടാണെന്നും പൃഥ്വിരാജ് 96.7 എഫ്.എമ്മില്‍ മിഥുന്‍ രമേശിനോട് സംസാരിക്കവെ പറഞ്ഞു.
തിയറ്ററുകള്‍ പൂര്‍ണരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. 'ഒരു നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒരു സിനിമ ചെയ്ത് കഴിയുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം ആ സിനിമ തിയറ്ററില്‍ കാണുക എന്നതായിരിക്കും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഒരു സിനിമ തിയറ്ററിലേ റിലീസ് ചെയ്യൂ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല', പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന്റെ വാക്കുകള്‍:
'സിനിമ തിയറ്ററില്‍ കാണേണ്ട മാധ്യമമാണ്, ഒരുപാട് പേര് ഒരുമിച്ചിരുന്ന് കാണേണ്ടത് തന്നെയാണ് സിനിമ. ഒറ്റയ്ക്കിരുന്ന് കാണുമ്പോള്‍ ഒരു പുഞ്ചിരിയാണെങ്കില്‍, ഒരുപാട് പേര് ഒരുമിച്ചിരുന്ന് കാണുമ്പോള്‍ അതൊരു കൂട്ടച്ചിരിയായി മാറും
ആടുജീവിതം കഴിഞ്ഞ് ആറ് ഏഴ് മാസം, ഇനിയെന്താകുമെന്ന് നോക്കാമെന്ന് കരുതി വെറുതെയിരുന്ന ആളാണ് ഞാന്‍. ആ സമയത്ത്, ലാലേട്ടനെ വിളിച്ച് സ്ഥിരം സംസാരിക്കുമായിരുന്നു. സിനിമാ മേഖലയുടെ നെടുംതൂണാണ് എക്‌സിബിറ്റേര്‍സ്, അവര്‍ ബുദ്ധിമുട്ടിലാണെന്നറിയാം. പക്ഷെ അവിടെ ഇന്‍ഡസ്ട്രിയിലെ ബാക്കി ഭാഗങ്ങളും ഉണ്ട്.
സിനിമാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അവസരം ലഭിച്ചപ്പോള്‍, ഓരോ സിനിമയും ഒന്നിന് പിറകെ ഒന്നായി ചിത്രീകരണം മാത്രം നടന്നിട്ട് കാര്യമില്ലല്ലോ. അത് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിക്കണം. മലയാളത്തില്‍ ഒടിടി റിലീസുകള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഷൂട്ടിങ് പുനരാരംഭിച്ചത്. ശരിക്കും അതൊരു അനുഗ്രഹമാണ്. സിനിമാ മേഖലയ്ക്ക് ഒരു നിലനില്‍പ്പുണ്ടായി, പഴയപോലെ ആയില്ലെങ്കിലും എല്ലാവരും ജോലി ചെയ്യാനാരംഭിച്ചു, പുതിയ സിനിമകള്‍ ചെയ്തു.
കേരളത്തിന് അല്ലെങ്കില്‍ ഇന്ത്യയ്ക്ക് പുറത്ത് മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച ഘടകമായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ഒടിടിയില്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ തുടങ്ങിയതോടെ പെട്ടെന്ന് എല്ലാവരും മലയാള സിനിമയെ കുറിച്ച് പറയാന്‍ തുടങ്ങി.
ഭ്രമം ആമസോണില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ആയിരിക്കും. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിദേശരാജ്യങ്ങളില്‍ നടന്ന കാര്യമാണിത്, ഒരു സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനൊപ്പം സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യും. നിങ്ങള്‍ക്ക് തിയറ്ററില്‍ കാണണോ വീട്ടിലിരുന്ന് കാണണോ എന്നുള്ളത് പ്രേക്ഷകരുടെ തീരുമാനമാണ്.
എങ്കിലും ഞാന്‍ തിയറ്ററുകള്‍ പൂര്‍ണമായി തുറക്കുന്ന കാലത്തിനായി കാത്തിരിക്കുകയാണ്. തിയറ്ററില്‍ പോയി സിനിമ കാണൂ എന്ന് പ്രേക്ഷകരോട് പറയുന്ന കാലത്തിനായാണ് കാത്തിരിക്കുന്നത്. ഒരു നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒരു സിനിമ ചെയ്ത് കഴിയുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം ആ സിനിമ തിയറ്ററില്‍ കാണുക എന്നതായിരിക്കും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഒരു സിനിമ തിയറ്ററിലേ റിലീസ് ചെയ്യൂ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല.'
ആടുജീവിതം സിനിമയുടെ അടുത്ത ഷെഡ്യൂള്‍ അള്‍ജീരിയയില്‍ ആരംഭിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ഡിസംബറില്‍ ആരംഭിക്കും. മൂന്ന് മാസത്തിന് ശേഷം ചിത്രീകരണം ആരംഭിക്കും. അള്‍ജീരിയയില്‍ 40 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അവിടെ നിന്ന് വീണ്ടും ജോര്‍ദ്ദാനില്‍ എത്തും, അവിടെയും കുറച്ചധികം ദിവസം ഷെഡ്യൂള്‍ ഉണ്ട്. അതിന് ശേഷം ഇന്ത്യയിലെത്തും, ഇവിടെയും ചെറിയ ഒരു ഷെഡ്യൂള്‍ ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.