മലയാള സിനിമ, ഈ വര്‍ഷം നവാഗത സംവിധായകരുടെയാണ്. കുമ്പളങ്ങി നൈറ്റ്‌സ്,ലൂസിഫര്‍, ഉയരെ, ഇഷ്‌ക്, തമാശ തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ പകുതിയില്‍ തിയ്യേറ്ററുകളില്‍ വിജയം നേടിയെങ്കില്‍ രണ്ടാം പകുതിയില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയും നവാഗതര്‍ വരവറിയിച്ചു. ഇപ്പോഴിതാ ഓണം റിലീസായെത്തുന്നതും നാല് നവാഗതരുടെ ചിത്രങ്ങളാണ്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്‌സ് ഡേ', ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ', പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന 'ഫൈനല്‍സ്', ജിബു-ജോജു എന്നിവര്‍ സംവിധാനം ചെയ്യുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' എന്നിവയാണ് ഈ വര്‍ഷത്തെ ഓണം റിലീസുകള്‍..
നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജാണ് നായകനാകുന്നത്. ഈ മാസം ആറിന് റിലീസ് ചെയ്യുന്ന ചിത്രം ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
പൃഥ്വിരാജ് നായകനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ റിലീസ് ചെയ്ത സിനിമകളെല്ലാം പ്രമേയം കൊണ്ടോ അവതരണം കൊണ്ടോ വ്യത്യസ്തതയുള്ളവയോ പരീക്ഷണ സ്വഭാവമുള്ളവയോ ആയിരുന്നു. അതില്‍ നിന്നെല്ലാം മാറി ഒരു കോമഡി ട്രാക്കിലെ ഫാമിലി എന്റര്‍ടെയ്‌നറുമായി പൃഥ്വിയെത്തുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ്. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി, മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട എന്നീ ചിത്രങ്ങളായിരുന്നു കോമഡി ട്രാക്കില്‍ ഇതിന് മുന്‍പ് പൃഥ്വിയുടേതായെത്തിയത്. പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വി നായകനാകുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും അത്തരൊരു ചിത്രം തന്നെയാണ്. ചിത്രത്തിലെ വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍ തുടങ്ങിയ താരനിരയും ഈ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
മിമിക്രിയിലൂടെയെത്തി സംവിധായകനായി മാറിയ ഒരുപാട് പേര്‍ മലയാള സിനിമയിലുണ്ട്. സിദ്ദിഖ്-ലാല്‍, ഫാസില്‍, കൊച്ചിന്‍ ഹനീഫ, നാദിര്‍ഷാ, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നീണ്ട പട്ടികയിലേക്ക് ഇപ്പോഴിതാ കലാഭവന്‍ ഷാജോണും ചേരുകയാണ്. ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. പ്രേക്ഷകര്‍ ഷാജോണില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ തന്നെ കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രം തന്നെയാണ് ബ്രദേഴ്‌സ് ഡേയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
നാല് നായികമാരാണ് ബ്രദേഴ്‌സ് ഡേയിലുള്ളത്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലുള്ളത്. ഇതില്‍ മിയ ഒഴികെ ബാക്കിയെല്ലാവരും ആദ്യമായിട്ടാണ് പൃഥ്വിയുമായി ഒന്നിക്കുന്നത്. ഏട്ടനും സഹോദരിയും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയിട്ടുള്ള ചിത്രത്തിലെ ഒരു പാട്ടിന്റെ ലിറിക് വീഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ ആരെല്ലാമാണ് സഹോദരിമാരായെത്തുന്നതെന്നും ആരാണ് പൃഥ്വിയുടെ ജോഡിയായി അഭിനയിക്കുന്നതെന്നും ഇപ്പോഴും സര്‍പ്രൈസാണ്. ഇവരെ കൂടാതെ മാലാ പാര്‍വതി, പൊന്നമ്മ ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്
ചിത്രത്തില്‍ വില്ലനായെത്തുന്നത് തമിഴ് തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ പ്രസന്നയാണ്. പ്രസന്നയുടെ ആദ്യ മലയാള ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പ്രമാണി, നീലത്താമര തുടങ്ങിയ ചിത്രങ്ങളിലേക്ക് ഇതിന് മുന്‍പ് പ്രസന്നയെ ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകള്‍ മൂലം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍പ് കസ്തൂരിമാന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലും പ്രസന്ന നായകനായെത്തിയിരുന്നു.
ചിത്രത്തിനായി പാട്ടൊരുക്കുന്നത് '4 മ്യൂസിക്ക്‌സും' നാദിര്‍ഷയും ചേര്‍ന്നാണ്. ഒപ്പം, വില്ലന്‍, സദൃശവാക്യം 24: 29 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫോര്‍ മ്യൂസിക്കസ്് സംഗീതമൊരുക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഇതിനകം പുറത്തു വന്ന രണ്ട് പാട്ടുകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തമിഴ് താരം ധനുഷാണ് ഒരു ഗാനം ആലപിച്ചിരിക്കുന്നത്. നെഞ്ചോട് വിന എന്ന ഗാനം എഴുതിയതും ധനുഷ് തന്നെ. മികച്ച പ്രതികരണമാണ് പാട്ടുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2011ല്‍ 'ട്രാഫിക്ക്', 'ചാപ്പാക്കുരിശ്' എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ട് തുടക്കം കുറിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. 'ഉസ്താദ് ഹോട്ടല്‍', 'ഹൗ ഓള്‍ഡ് ആര്‍ യു', 'മാരി, 'വിമാനം' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ട് മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായി മാറിയ ലിസ്റ്റിന്റെ മാജിക് ഫ്രേയിംസാണ് 'ബ്രദേഴ്‌സ് ഡേ'യുടെ നിര്‍മാതാവെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വിമാനത്തിന് ശേഷം പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രദേഴ്‌സ് ഡേ.
'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക