'ഭാഷ ഉപയോ​ഗിക്കാനുള്ള ശേഷി നജീബിന് നഷ്ടപ്പെട്ടിട്ടുണ്ടാകാമല്ലോ?'; ആടുജീവിതത്തിലെ അധികം ചർച്ചയാകാതെ പോയ സീനുകളെക്കുറിച്ച് പൃഥ്വിരാജ്

'ഭാഷ ഉപയോ​ഗിക്കാനുള്ള ശേഷി നജീബിന് നഷ്ടപ്പെട്ടിട്ടുണ്ടാകാമല്ലോ?'; ആടുജീവിതത്തിലെ അധികം ചർച്ചയാകാതെ പോയ സീനുകളെക്കുറിച്ച് പൃഥ്വിരാജ്
Published on

ആടുജീവിതത്തിൽ അധികം ചർച്ചയാകാത്ത രം​ഗങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ്. മരുഭൂമിയിൽ പെട്ടു പോയതിന് ശേഷം നജീബ് എന്ന കഥാപാത്രം പിന്നീട് അദ്ദേഹത്തിന്റെ ഭാഷ ഉപയോ​ഗിക്കുന്നില്ല. മലയാളം സംസാരിക്കാൻ ആരുമില്ല, ഇയാൾ പറഞ്ഞാൽ മനസ്സിലാകുന്ന ആരുമില്ല. ആടുകളോടോ ഒട്ടകങ്ങളോടോ ഇയാൾക്കൊരു ബന്ധം ഉണ്ടെങ്കിലും ദിവസേന ഇവറ്റകളുമായി വർത്തമാനം പറയുന്നൊന്നും ഉണ്ടാകില്ല. അങ്ങനെ വരുമ്പോൾ സ്വാഭാവികമായി ഭാഷ ഉപയോഗിക്കുന്ന ബ്രെയ്നിലെ മസിൽ മെമ്മറി പതുക്കെ കുറഞ്ഞു വരികയും തൽഫലമായി അയാൾ ഭാഷ മറന്നു പോകാൻ തുടങ്ങുകയും ചെയ്യും അത്തരത്തിലുള്ള ഡീറ്റെയിലിം​ഗ് കൊണ്ടുവാരാൻ ചിത്രത്തിൽ ശ്രമിച്ചിരുന്നു എന്ന് പൃഥ്വിരാജ് പറയുന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം മരുഭൂമിയിൽ വച്ച് ഹക്കീമിനെ കണ്ടു മുട്ടുമ്പോഴും ഹക്കീം ഒരു കത്ത് വച്ചിട്ട് പോകുമ്പോഴും ആ കത്ത് വായിക്കാനും ഹക്കീമിനോട് സംസാരിക്കാനും അയാൾ ശ്രമപ്പെടുന്നത് അത്തരത്തിലുള്ള ഡീറ്റെയിലിം​ഗിന്റെ ഭാ​ഗമായിരുന്നുവെന്നും വളരെ കുറച്ച് പേർ അത് തിരിച്ചറിഞ്ഞെങ്കിലും വലിയ തരത്തിൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നില്ല എന്നും ആടുജീവിതം’ സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പറ‍ഞ്ഞത്:

ഓരോ സിനിമയിലും നമ്മളൊരു കഥാപാത്രത്തിന്റെ ഫെെനൽ മാനിഫസ്റ്റേഷനിലേക്ക് വരുമ്പോൾ ആക്ടേഴ്സ് ഇന്റർപ്രെട്ടേഷൻ എന്നൊരു ഭാ​ഗം അതിലുണ്ടായിരിക്കുമല്ലോ? ഞാൻ സംവിധാനം ചെയ്ത സിനിമകളിലും അതിന്റെ ഫൈനൽ പ്രോസസ് എന്റെ അഭിനേതാക്കളുടെയാണ്. അഭിനയിക്കുന്ന നടനിലും നടിയിലുമാണ് ഒരു കഥാപാത്രത്തിന്റെ അഭിനയ പൂർണത ഇരിക്കുന്നത്. ഒരു സംവിധായകനെന്ന നിലയിൽ ഇതു മുഴുവൻ എന്റെ കൺട്രോളിലാണ് എന്നു വിശ്വസിച്ചാൽ നമ്മൾ മണ്ടനാവുകയാണ് ചെയ്യുക. അത്തരത്തിൽ ഒരു ആക്ടേഴ്സ് ഇന്റർപ്രെട്ടേഷൻ എന്ന തരത്തിൽ വന്ന ഒരു ചിന്ത ഒരിക്കൽ ഞാൻ ബ്ലെസി ചേട്ടനോട് ഷെയർ ചെയ്തത്.

നജീബ് മരുഭൂമിയിൽ വന്നുപെട്ടപ്പോഴുണ്ടാകുന്ന ഒരു മാനസിക സമ്മർദ്ദമുണ്ട്. ആ ഒരു ദേഷ്യവും മറ്റും പറഞ്ഞു തീർക്കുന്ന ഫേസ് കഴിഞ്ഞാൽ, ഇയാൾ ഭാഷ ഉപയോ​ഗിക്കുന്നുണ്ടാവില്ലല്ലോ? മലയാളം സംസാരിക്കാൻ ആരുമില്ല, ഇയാൾ പറഞ്ഞാൽ മനസ്സിലാകുന്ന ആരുമില്ല. ആടുകളോടോ ഒട്ടകങ്ങളോടോ ഇയാൾക്കൊരു ബന്ധം ഉണ്ടെങ്കിലും ദിവസേന ഇവറ്റകളുമായി വർത്തമാനം പറയുന്നൊന്നും ഉണ്ടാകില്ല. അങ്ങനെ വരുമ്പോൾ ഭാഷ ഉപയോഗിക്കുന്നതിന്റെ ബ്രെയ്നിലെ മസിൽ മെമ്മറി പതുക്കെ പതുക്കെ കുറഞ്ഞു വരും. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇയാൾ ഹക്കീമിനെ കണ്ടു മുട്ടുമ്പോൾ ഇയാൾ പെട്ടെന്ന് സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഇയാൾക്ക് ഭാഷ കിട്ടുന്നില്ല എന്ന സാധനം പെർഫോമൻസിൽ കൊണ്ടുവരണമെന്ന് എനിക്കു തോന്നിയിരുന്നു. ബ്ലെസി ചേട്ടനോട് ഇതു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം. ഇത് ഞാൻ ടേക്കിൽ ചെയ്തതാണ്, ബ്ലെസി ചേട്ടന് ഓർമ കാണും. അതിന് ശേഷം ഹക്കീം ഒരു കത്തുവച്ചിട്ട് പോകുന്ന രംഗമുണ്ട്. ഞാൻ ഓടിപ്പോയി ആ കത്ത് എടുക്കുന്നുണ്ട്. ആദ്യം ഞാൻ ആ കത്തെടുത്തിട്ട് വായിക്കാന്‍ കുറച്ച് അധികനേരം ശ്രമിക്കും. എനിക്ക് വാക്കുകൾ പിടികിട്ടുന്നില്ല. കുറച്ച് അധികം സമയം പേപ്പറിൽ ഇങ്ങനെ നോക്കുമ്പോഴാണ് കത്ത് തിരിച്ചാണ് തിരിച്ചാണ് പിടിച്ചിരിക്കുന്നതെന്ന് ഇയാൾക്ക് മനസ്സിലാകുന്നത് തന്നെ. ഭാഷ തിരിച്ചറിയാനും സംസാരിക്കാനുമുള്ള ശേഷി ഇതിനോടകം ഇയാൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന ഡീറ്റെയിലിം​ഗ് കൊണ്ടുവാരാൻ ഞാൻ ശ്രമിച്ചു. കുറച്ച് ആളുകൾ ഇത് കണ്ടു പിടിച്ച് പറഞ്ഞു. പക്ഷേ അത് അങ്ങനെ വലിയൊരു ചർച്ചയായില്ല. പൃഥ്വിരാജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in