'അന്തിമ പട്ടികയില്‍ ഹോം ഉണ്ടായിരുന്നു, ഇന്ദ്രന്‍സിന്റെ വാദം തെറ്റ്'; പ്രേംകുമാര്‍

'അന്തിമ പട്ടികയില്‍ ഹോം ഉണ്ടായിരുന്നു, ഇന്ദ്രന്‍സിന്റെ വാദം തെറ്റ്'; പ്രേംകുമാര്‍
Published on

ജൂറി 'ഹോം' എന്ന സിനിമ കണ്ടിട്ടുണ്ടാകില്ല എന്ന നടന്‍ ഇന്ദ്രന്‍സിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍. അത്തരം വാദങ്ങള്‍ തെറ്റാണെന്നും പട്ടികയില്‍ ഇടം നേടിയ എല്ലാ സിനിമകളും ജൂറി കണ്ടിട്ടുണ്ടെന്നും പ്രേം കുമാര്‍ വ്യക്തമാക്കി. വേണമെങ്കില്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാമെന്നും പ്രേം കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

പ്രേം കുമാര്‍ പറഞ്ഞത്

142 സിനിമകളാണ് അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ 22 സിനിമകളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ആ പട്ടികയില്‍ ഹോം എന്ന സിനിമയുണ്ട്. ജൂറി ആ സിനിമ കണ്ടിട്ടുമുണ്ട്. അക്കാദമിയുടെ ജോലി എന്നത് സിനിമകളെ ജൂറിയുടെ മുന്നില്‍ എത്തിക്കുക എന്നതാണ്. അത് വ്യക്തമായി ചെയ്തിട്ടുമുണ്ട്. ജൂറി ഹോം കണ്ടിട്ടില്ല എന്ന വാദം തെറ്റാണ്. നമ്മുടെ കൈയില്‍ ഡിജിറ്റല്‍ തെളിവുകളൊക്കെയുണ്ട്. അത് പരിശോധിക്കാവുന്നതേയുള്ളൂ.

സയ്യിദ് മിര്‍സ എന്ന് പറയുന്നത് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തനായ സംവിധായകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇത് വിലയിരുത്തിയത്. ഓരോ ജൂറിക്കും അവരവരുടേതായ നിലപാടുകളാണ്. ഇത് ഈ ജൂറിയുടെ നിഗമനം, വേറൊരു ജൂറി ആയിരുന്നെങ്കില്‍ തീരുമാനം മാറാം. അത് വ്യക്തിനിഷ്ടവുമാണ്. നമുക്ക് വ്യക്തിപരമായി അവാര്‍ഡ് ലഭിക്കണം എന്ന് ആഗ്രഹമുള്ള സിനിമകള്‍ ഉണ്ടായിരുന്നു. അതിന് വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇത് ജൂറിയുടെ അന്തിമ തീരുമാനമാണ്. അതിനെക്കുറിച്ച് പറയുവാന്‍ ഞാന്‍ ആളല്ല. ജൂറി സിനിമകള്‍ കണ്ടിട്ടില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ഹോം ഞാന്‍ കണ്ടിരുന്നു. വ്യക്തിപരമായി ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ സിനിമയിലെ ഇന്ദ്രന്‍സ് ചേട്ടന്റെ പ്രകടനം ഏറ്റവും നല്ല പ്രകടനമാണ്. പക്ഷെ അത് ജൂറിയുടെ തീരുമാനമാണ്. അതിനെ ചോദ്യം ചെയ്യാന്‍ നമുക്ക് പറ്റില്ല.

ഇന്നലെയായിരുന്നു 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിനത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ ഹോം സിനിമയെ ജൂറി പരിഗണിച്ചില്ലെന്ന ആരോപണവുമായി വന്നത്. ഹോം സിനിമ ജൂറി കണ്ടിട്ടില്ലെന്ന ആരോപണവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു.

'വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്', എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

എന്നാല്‍ വിജയ് ബാബുവിന്റെ വിഷയം ഒരു തരത്തിലും ജൂറിയെ സ്വാധീനിച്ചിട്ടില്ലെന്നായിരുന്നു ജൂറി ചെയര്‍മാന്‍ സയ്യിദ് മിശ്ര പറഞ്ഞത്. 'എനിക്ക് ഹോം സിനിമയുടെ നിര്‍മാതാവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇന്നാണ് ഞാന്‍ അതേ കുറിച്ച് അറിയുന്നത്. അതുകൊണ്ട് ആ വിഷയം ജൂറിയെ സ്വാധീനിച്ചിട്ടില്ല. അതൊരിക്കലും ജൂറിയെ സ്വാധീനിക്കാനും പാടില്ല. കാരണം സിനിമ എന്നത് ഒരു വ്യക്തിയെയോ അയാളുടെ സ്വഭാവത്തെയോ ബന്ധപ്പെട്ട വിഷയമല്ല. സിനിമ സിനിമയാണ്. എല്ലാ ജൂറി മെമ്പര്‍മാരും ഐകകണ്‌ഠേനെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തില്‍ ഹോം ഉണ്ടായിരുന്നില്ല,' എന്നാണ് സയ്യിദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in