സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി നിർമിച്ച ചിത്രങ്ങളെ പിന്തുണക്കാനായി മുഖ്യമന്ത്രി ചിത്രം തിയറ്ററിൽ പോയി കാണണമെന്ന് സംവിധായകൻ പ്രതാപ് ജോസഫ്. കെഎസ്എഫ്ഡിസി നിർമിച്ച നിള എന്ന ചിത്രം ഇപ്പോൾ തിയറ്ററുകളിലുണ്ട്. ഇതുവരെ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിൽ ഒന്നുപോലും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ തിയറ്ററിൽ പോയി കണ്ടതായി അറിവില്ലെന്നും അങനെ ചെയ്തിരുന്നെങ്കിൽ ചിത്രത്തിന് പ്രചോദനമാവുകമായിരുന്നുവെന്നും പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം രജിനികാന്ത് നായകനായ തമിഴ് ചിത്രം ജയിലർ കാണാൻ മുഖ്യമന്ത്രി പോയെന്ന വാർത്തയും നിളയ്ക്ക് ദിവസവും നാല് ഷോ മാത്രം തിയറ്ററിലുള്ളൂ എന്ന പോസ്റ്ററും പങ്കുവെച്ചുകൊണ്ടാണ് പ്രതാപ് ജോസഫിന്റെ കുറിപ്പ്
20 വർഷമായി സിനിമ കാണാത്ത വകുപ്പുമന്ത്രിയെ നമുക്ക് ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ല. മുഖ്യമന്ത്രിയെങ്കിലും സകുടുംബം നിള എന്ന സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് അഭ്യർത്ഥിക്കുന്നു. ചുരുങ്ങിയത് ഒരു ഷോ മുടങ്ങാതിരിക്കാണെങ്കിലുമെന്നും പ്രതാഫ് ജോസഫ് കൂട്ടിച്ചേർത്തു.
പ്രതാപ് ജോസഫിന്റെ കുറിപ്പ്
മുഖ്യമന്ത്രിയുടെ സിനിമാ അഭിരുചിയേയും തിരഞ്ഞെടുപ്പിനുള്ള അവകാശത്തേയും പൂർണമായും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, സംസ്‌ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും തല പോസ്റ്ററിൽവെച്ച് നാല് സിനിമകൾ പുറത്തിറങ്ങുകയുണ്ടായി. അതിൽ അവസാനം പുറത്തുവന്ന 'നിള' എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു സിനിമ മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ ഒരു തിയേറ്ററിൽ പോയി കണ്ടതായി അറിവില്ല(തെറ്റുണ്ടെങ്കിൽ തിരുത്താം). അങ്ങനെയൊന്ന് സംഭവിച്ചെങ്കിൽ അത് ആ സിനിമകൾക്കെങ്കിലും വലിയ പ്രചോദനമാകുമായിരുന്നു. 20 വർഷമായി സിനിമ കാണാത്ത വകുപ്പുമന്ത്രിയെ നമുക്ക് ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ല. മുഖ്യമന്ത്രിയെങ്കിലും സകുടുംബം നിള എന്ന സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് അഭ്യർത്ഥിക്കുന്നു. ചുരുങ്ങിയത് ഒരു ഷോ മുടങ്ങാതിരിക്കാണെങ്കിലും.
ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത നിളയാണ് കെഎസ്എഫ്ഡിസി നിർമിച്ച ചിത്രങ്ങളിൽ ഇപ്പോൾ പ്രദർശനത്തിനെത്തിയത്. ചിത്രത്തിന് വളരെ കുറച്ച് തിയറ്ററുകൾ മാത്രമേ ആദ്യം കിട്ടിയിരുന്നുള്ളൂ, ആദ്യ ആഴ്ച കഴിഞ്ഞതിൽ പിന്നെ ദിവസവും വിരലിൽ എണ്ണാവുന്ന ഷോകൾ മാത്രമാണ് ലഭിക്കുന്നതും.
കെഎസ്എഫ്ഡിസി നിർമിച്ച നിളയുടെ ചിത്രീകരണത്തിനിടെ അക്കാദമിയിൽ നിന്ന് നേരിട്ട സ്ത്രീവിരുദ്ധതയെക്കുറിച്ച് സംവിധായിക ഇന്ദുലക്ഷ്മി ക്യു സ്റ്റുഡിയോയോട് സംസാരിച്ചിരുന്നു. ചെയർമാൻ ഷാജി എൻ കരുൺ ഇതുവരെ നിർമിച്ച നാല് ചിത്രങ്ങളും കണ്ടിട്ടില്ലെന്നും ഇന്ദു പറഞ്ഞിരുന്നു.
അതിജീവനത്തിൻ്റെയും സ്ത്രീകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് നിളയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിഭിന്നമായ പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് സ്ത്രീകൾ യാദിർശ്ചികമായി പരസ്പരമറിയുന്നതും പിന്നീട് അവർക്കിടയിൽ രൂപപ്പെടുന്ന കെട്ടുറപ്പുള്ള സൗഹൃദത്തിൻ്റെയും ഉടയാത്ത പരസ്പരവിശ്വാസത്തിൻ്റെയും ശക്തമായ ആവിഷ്കരണമാണ് ചിത്രം.
രാകേഷ് ധരൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിബാലാണ്. സന്ദീപ് കുറിശ്ശേരിയാണ് ശബ്ദരൂപകല്പന ചെയ്യുന്നത്. ശങ്കർദാസ് വി.സി ശബ്ദമിശ്രണം നിർവഹിക്കുന്നു. അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവർ ചിത്രസംയോജനം നിർവഹിച്ച ചിത്രത്തിൽ ഇന്ദു ലക്ഷ്മി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണനാണ്. ജിതിൻ ബാബു മണ്ണൂർ കലാസംവിധാനവും, രതീഷ് പുൽപ്പള്ളി ചമയവും, രമ്യ വസ്ത്രാലങ്കാരവും നിർവഹിച്ചു. ചിത്രത്തിൻ്റെ സബ്ടൈറ്റിലുകൾ ചെയ്തിരിക്കുന്നത് വൺ ഇഞ്ച് ബാരിയറും സ്റ്റോറീസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.