ആയുഷ്മാന്‍ ഖുറാന്നയ്ക്ക് പകരം പ്രശാന്ത് ; ‘അന്ധാധുന്‍’ തമിഴ് റീമേക്ക് അവകാശം ത്യാഗരാജന്
ആയുഷ്മാന്‍ ഖുറാന്നയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പോയ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അന്ധാധുന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. നടനും നിര്‍മ്മാതാവുമായ ത്യാഗരാജനാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം നേടിയിരിക്കുന്നത്. ത്യാഗരാജന്റെ മകനും അഭിനേതാവുമായ പ്രശാന്ത് പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ തന്നെ സിദ്ധാര്‍ഥ്, നാനി തുടങ്ങിയ യുവതാരങ്ങളിലാരെങ്കിലും പ്രധാനവേഷത്തിലെത്തുമെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്.
അന്ധാധുന്‍ ഒരു കാഴ്ച ശക്തിയില്ലാത്ത പിയാനിസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള കഥയായിരുന്നു പറഞ്ഞിരുന്നത്. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ പിയാനോ അഭ്യസിച്ച വ്യക്തിയാണ് പ്രശാന്ത്. അന്ധാധുന്‍ സംവിധാനം ചെയ്ത ശ്രീരാം രാഘവന്റെ മുന്‍ ചിത്രമായ ജോണി ഗദ്ദാറും ത്യാഗരാജന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. പ്രശാന്ത് തന്നെയായിരുന്നു ചിത്രത്തില്‍ നായകന്‍.
തമിഴ് പതിപ്പിന്റെ പേരും മറ്റ് അണിയറപ്രവര്‍ത്തകര്‍ ആരെന്നും പുറത്തുവിടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്‌കാരവും അന്ധാധുന്‍ നേടിയിരുന്നു. ആയുഷ്മാന്‍ ഖുറാന്നയെ കൂടാതെ രാധിക ആപ്‌തെ, തബു എന്നിവരായിരുന്നു ഈ ത്രില്ലറില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.