'എന്താണ് ഈ രാവിലെ 5.12ന്' ? കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന 'സലാര്‍' ടീസര്‍ ഉടന്‍

'എന്താണ് ഈ രാവിലെ 5.12ന്'  ?  കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന 'സലാര്‍' ടീസര്‍ ഉടന്‍
Published on

കെ.ജി.എഫ്‌ന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആദ്യ ടീസര്‍ ജൂലായ് 6ന് റിലീസ് ചെയ്യും. പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ഹോംബാലെ ഫിലിംസാണ്. രാവിലെ 5.12നായിരിക്കും ചിത്രത്തിന്റെ ടീസര്‍ റിലീസ്. അത് എല്ലാ ഭാഷകള്‍ക്കും ഒരു ടീസറായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയ കെ.ജി.എഫിന് ശേഷം ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തിലെത്തുക. 2023 സെപ്റ്റംബര്‍ 28 നാണ് ചിത്രത്തിന്റെ റിലീസ്.

2022 തുടക്കത്തിലാണ് സലാറിന്റെ ചിത്രീകരണം ആരംഭിച്ചത്. കെജിഎഫ്, കെജിഎഫ് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സലാര്‍. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും.

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചെയ്യാത്ത റോളാണെന്നും സലാര്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലക്ഷ്യമിടുന്ന ചിത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു.

കേരളത്തില്‍ പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in