നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് ദീപിക പദുക്കോൺ അമിതാഭ് ബച്ചൻ കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൽക്കി 2898 എഡി റിലീസിന് തയ്യാറെടുക്കുകയാണ്. രാജ്യമൊട്ടാകെ മികച്ച പ്രീ ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമ ബുക്ക് ചെയ്ത പ്രേക്ഷകർക്ക് ഇപ്പോൾ ഒരു അബദ്ധം പിണഞ്ഞിരിക്കുകയാണ്. പ്രഭാസ് ചിത്രം കൽക്കി എന്ന് കരുതി ആരാധകർ ബുക്ക് ചെയ്ത ചിത്രം രാജശേഖറിന്റെ റി റീലീസിനെത്തിയ ചിത്രം കൽക്കിയാണ്. ഹെെദരാബാദിലെ തിയേറ്ററിൽ റീ റിലീസായി എത്തിയ ചിത്രത്തിൻ്റെ ആറ് ഷോകളും നിമിഷനേരം കൊണ്ടാണ് ഹൗസ്ഫുൾ ആയത്. പിന്നാലെയാണ് പ്രേക്ഷകർ തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്.
ആശയക്കുഴപ്പത്തിലായ ഉപഭോക്താക്കൾ എക്സിലൂടെ ബുക്ക് മെെ ഷോയിൽ തങ്ങളുടെ പരാതികൾ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആപ്ലിക്കേഷനായ ബുക്ക് മെെ ഷോയ്ക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നും പ്രഭാസ് ചിത്രം കൽക്കി ബുക്ക് ചെയ്തപ്പോൾ രാജശേഖർ ചിത്രം കൽക്കിയാണ് ബുക്കിംഗ് ആയത് എന്നും ഒരു ഉപഭോക്താവ് എക്സിൽ പറഞ്ഞു. ഇതിനെ തുടർന്ന് പ്രശ്നം ഉടൻ പരിഹരിക്കും എന്ന് ബുക്ക് മെെ ഷോ ഉപഭോക്താവിന് എക്സിലൂടെ തന്നെ മറുപടിയും അറിയിച്ചിട്ടുണ്ട്. സംഭവം സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ രാജശേഖർ തനിക്ക് ഈ സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് എക്സിലൂടെ ഹാസ്യ രൂപേണ അറിയിക്കുകയും കൽക്കി 2898 എഡിക്ക് ആശംസകളറിയിക്കുകയും ചെയ്തിട്ടുണ്ട്
സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രമായ 'കല്‍കി 2898 എഡി' നിര്‍മിക്കുന്നത് വെെജയന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്. ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍കി. കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് മുമ്പ് പുറത്തു വിട്ട് ചിത്രത്തിന്റെ ഗ്ലിമ്പ്സ് നൽകുന്ന സൂചന. ചിത്രത്തിൽ ദ്രോണ പുത്രനും ചിരഞ്ജീവിയുമായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം ജൂൺ 27 ന് തിയറ്ററുകളിലെത്തും.