'ആദിപുരുഷ്' സിനിമ കണ്ട് വിമർശിച്ചു, പ്രേക്ഷകന് പ്രഭാസ് ഫാൻസിന്റെ മർദനം

'ആദിപുരുഷ്' സിനിമ കണ്ട് വിമർശിച്ചു, പ്രേക്ഷകന് പ്രഭാസ് ഫാൻസിന്റെ മർദനം
Published on

'ആദിപുരുഷ്' എന്ന ചിത്രത്തെക്കുറിച്ചു മോശം അഭിപ്രായം പറഞ്ഞ പ്രേക്ഷകനെ മർദിച്ചു പ്രഭാസ് ആരാധകർ. ചിത്രത്തിൽ പ്രഭാസ് രാമനായിട്ട് ചേരുന്നില്ലെന്നും ചിത്രത്തിന്റെ വിഎഫ്‍എക്സ് നിലവാരം പുലര്‍ത്തിയില്ലെന്നും ബാക്ക്ഗ്രൗണ്ട് സ്കോറും ഹനുമാൻ കഥാപാത്രവുമൊഴികെ മറ്റൊന്നും നന്നായില്ല എന്ന് പറഞ്ഞ പ്രേക്ഷനാണ് മര്‍ദ്ദനമേറ്റത്. ചിത്രം കണ്ടിറങ്ങി മാധ്യമങ്ങളോട് സിനിമയേക്കുറിച്ചു തന്റെ അഭിപ്രായം പങ്കുവയ്‍ക്കുമ്പോള്‍ ചുറ്റും കേട്ടുനിന്ന പ്രഭാസ് ആരാധകര്‍ അയാളെ അക്രമിക്കുകയായിരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് എന്ന തിയറ്ററിലായിരുന്നു സംഭവം. ചിത്രത്തിന് മോശം പ്രതികരണം ആണ് ആദ്യ ഷോകൾ കഴിയുമ്പോൾ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രം രാമായണത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ടീസർ റിലീസ് ചെയ്തപ്പോൾ വിഎഫ്എക്സിന്റെ കുറഞ്ഞ നിലവാരത്തിന്റെ പേരിൽ സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കനത്ത ട്രോളുകൾ ലഭിച്ചിരുന്നു. 'ആദിപുരുഷ്' സ്ക്രീൻ ചെയ്യുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത് വലിയ വാർത്തയായിരുന്നു.

സൈഫ് അലി ഖാൻ, കൃതി സാനോൺ, സണ്ണി സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ ഒരുങ്ങിയ ചിത്രം ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Related Stories

No stories found.
logo
The Cue
www.thecue.in