ഒറ്റപ്പേര് സംവിധാനം ജോഷി, ട്രെയിലര്‍ ലോഞ്ചിന് താരങ്ങളുടെ ട്വന്റി ട്വന്റി
മാസ് ആക്ഷന്‍ സിനിമകളുടെ മറുപേരായിരുന്ന സംവിധായകന് ജോഷി നാല് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുകയാണ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ടൈറ്റില്‍ റോളുകളിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ഒരുമിച്ചെത്തുന്നു.
മോഹന്‍ലാല്‍,മമ്മൂട്ടി,വിജയ് സേതുപതി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, തുടങ്ങി മലയാളത്തിലെ വന്‍ താരനിര ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കും. ഓഗസ്റ്റ് രണ്ടിന് ലുലു മാളില്‍ വച്ച് മോഹന്‍ലാല്‍ ട്രെയിലര്‍ പുറത്തിറക്കുന്നതിന് പിന്നാലെയാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത്. ദിലീപ്, ജയറാം, മുരളി ഗോപി, ദിലീഷ് പോത്തന്, ബിജു മേനോന്,വിനായകന്,സൗബിന്, ജയസൂര്യ,വിനീത് ശ്രീനിവാസന് ,അനൂപ് മേനോന്, അജു വര്‍ഗീസ്,ഉണ്ണി മുകുന്ദന്, ഇന്ദ്രജിത് സുകുമാരന്‍,ആന്റണി വര്‍ഗീസ്,വിനയ് ഫോര്‍ട്ട്,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യര്‍, മിയ, ഹണി റോസ്, നിമിഷ സജയന്, രജിഷ വിജയന്, അപര്‍ണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് റിലീസ് ചെയ്യുന്നു
രണം, ഇഷ്ക്, കല്‍ക്കി എന്നീ സിനിമകള്‍ക്ക് പിന്നാലെ ജേക്സ് ബിജോയ് പാട്ടിലും പശ്ചാത്തല സംഗീതത്തിലും തരംഗം തീര്‍ക്കുന്ന ചിത്രമായിരിക്കും പൊറിഞ്ചും മറിയം ജോസ് എന്നും കരുതാം. ജോജു കാട്ടാളന് പൊറിഞ്ചുവായും ചെമ്പന്‍ വിനോദ് പുത്തന്‍ പള്ളി ജോസായും നൈലാ ഉഷ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായും സ്ക്രീനിലെത്തുന്നു. ആക്ഷന്‍ പ്രാധാന്യമുള്ള സിനിമയില്‍ രാജശേഖറും സുപ്രീം സുന്ദറും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം ശശിധരനാണ് എഡിറ്റിംഗ്.
പള്ളിപ്പെരുന്നാളിനും ബാന്‍ഡ് മേളത്തിനുമിടയില്‍ അടിപിടിയും തര്‍ക്കവും തല്ലുമായി നടക്കുന്ന ആളുകളാണ് പൊറിഞ്ചുവും പുത്തന്‍ പള്ളി ജോസും. മുറുക്കും മദ്യപാനവുമൊക്കെയായി ആലപ്പാട്ട് തറവാട്ടില്‍ നിന്ന് ചന്തക്കടവിന്റെ നിയന്ത്രണം ഏറ്റെടുത്തയാളാണ് നൈലാ ഉഷയുടെ മറിയം. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ഈ സിനിമ.
കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് ചിത്രീകരിച്ചത്. ഇന്നസെന്റ്, ടിജി രവി, സുധി കോപ്പ, ശ്വാസിക എന്നിവരും ചിത്രത്തിലുണ്ട്. അടി കപ്യാരേ കൂട്ടമണി, മരുഭൂമിയിലെ ആന എന്നീ സിനിമകള്‍ക്ക് ശേഷം അജയ് ഡേവിഡ് കാച്ചപ്പള്ളി ക്യാമറ ചെയ്യുന്ന ചിത്രവുമാണ് പൊറിഞ്ചു മറിയം ജോസ്.