മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അഖിൽ മാരാർക്ക് എതിരെ പൊലീസ് കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അഖിൽ മാരാർക്ക് എതിരെ പൊലീസ് കേസ്
Published on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്ക് എതിരെ കേസ്. ഇൻഫോ പാർക്ക് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിൽ മാരാർ ഫെയ്സ്ബുക്കിസ്‍ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്. ദുരിതബാധിതർക്ക് വീടുകൾ വെച്ചു നൽകുമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അതിനെതിരെയുള്ള പ്രതികരണവും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. അങ്ങനെ വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ.. എന്നാണ് ഫേസ്ബുക്കിൽ അഖിൽ മാരാർ കുറിച്ചത്. വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും താൻ സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും മുമ്പ് അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു

പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല, ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ മുമ്പ് പരിഹസിച്ചിരുന്നു. അതേസമയം സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണത്തിനു ബിജെപി മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനർ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുണ്ടക്കയം സ്വദേശികളായ സതീഷ് ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.

വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്തത് 39 എഫ്ഐആർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശ്ശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in