'മെമ്മറീസ്' രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചനയുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ്. കഥയ്ക്ക് ഒരു തുടർച്ച സാധ്യമല്ല, മറ്റേതെങ്കിലും രീതിയിൽ കൊണ്ടുവരാൻ കഴിയുമോ എന്ന ആലോചനയിലാണ് താനെന്ന് ജീത്തു ജോസഫ് 'ദ ക്യു'വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'കുറച്ചു നാളുകളേ ആയിട്ടുളളു മെമ്മറീസ് രണ്ടാം ഭാഗത്തെ കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങിയിട്ട്. നല്ലൊരു ക്യാരക്ടറൈസേഷൻ ഉണ്ടായിരുന്നു ആദ്യ ഭാഗത്തിൽ. പക്ഷെ കഥയുടെ അവസാനം ആ ക്യാരക്ടറൈസേഷൻ മാറി അയാൾ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. ഇനിയൊരു ഭാഗം വരുകയാണെങ്കിൽ അയാളുടെ ക്യാരക്ടറൈസേഷൻ അങ്ങനെയല്ല വേണ്ടത്. പല സാധ്യതകളും ഞാൻ അലോചിക്കുന്നുണ്ട്. മെമ്മറീസിന്റെ കഥയ്ക്ക് ഏതായാലും ഒരു തുടർച്ചയ്ക്കുള്ള സാധ്യത ഇല്ല. കാരണം കൊലയാളി മരിച്ചു. മറ്റെന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അതുറപ്പായും ചെയ്യും'. ജീത്തു പറയുന്നു.
മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' ആണ് അടുത്തതായി റിലീസിന് കാത്തിരിക്കുന്നത്. 2021ൽ ആമസോൺ പ്രൈമിലൂടെ ലോക പ്രീമിയറായി 'ദൃശ്യം 2' പ്രേക്ഷകരിലേയ്ക്കെത്തും. മോഹൻലാൽ ലോക്ക് ഡൗണിന് മുമ്പ് അഭിനയിച്ചുകൊണ്ടിരുന്ന ചിത്രമാണ് 'റാം'. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും കൈകോർക്കുന്ന പ്രൊജക്ട് കൂടിയാണ്. തൃഷയാണ് ചിത്രത്തിലെ നായിക.
Planning to make a second part on Memories, Jeethu Joseph